പേരാമ്പ്രയിൽ സിപിഎം- കോൺഗ്രസ് സംഘർഷം; ഷാഫിക്കു പരിക്ക്
Saturday, October 11, 2025 6:47 AM IST
പേരാന്പ്ര: പേരാമ്പ്രയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ലാത്തി വീശിയതിനെത്തുടർന്ന് ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് പ്രവർത്തകർക്കു പരിക്കേറ്റു. മുഖത്തു പരിക്കേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. പേരാമ്പ്ര സികെജി കോളജിൽ ചെയർമാൻസ്ഥാനത്തേക്കു വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെത്തുടർന്ന് പേരാമ്പ്ര ടൗണിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഇതിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഹർത്താലിനിടയിൽ പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമമുണ്ടായി. ഓഫീസിലുണ്ടായിരുന്ന പ്രസിഡന്റ് വി.കെ. പ്രമോദിനെ യുഡിഎഫ് പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് വൈകുന്നേരം എൽഡിഎഫ് പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതേസമയം യുഡിഎഫിന്റെ പ്രതിഷേധ പ്രകടനവും നടന്നു. പിന്നീട് ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഇരുകൂട്ടരെയും പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ ചിതറിയോടി. സംഘർഷത്തിനിടയിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന് പരിക്കേൽക്കുകയായിരുന്നു. വടകര ഡിവൈഎസ്പി സി. ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൈയിൽനിന്നു ഗ്രനേഡ് പൊട്ടിയെന്നും പറയുന്നു.