സർക്കാർ ഡോക്ടർമാർ ചട്ടപ്പടി സമരത്തിന്
Saturday, October 11, 2025 6:47 AM IST
തിരുവനന്തപുരം: ശന്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ ചട്ടപ്പടി സമരം ആരംഭിക്കുന്നു.
ഇതിന്റെ ഭാഗമായി ഈ മാസം 14 നു നടക്കുന്ന ഹെൽത്ത് സമ്മിറ്റ് ബഹിഷ്കരിക്കുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) അറിയിച്ചു. എല്ലാ ഔദ്യോഗിക യോഗങ്ങളും ബഹിഷ്കരിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി 13 മുതലുള്ള ഒരാഴ്ച എല്ലാ കോഴ്സുകളിലെയും വിദ്യാർഥികളുടെ തിയറി ക്ലാസ് ബഹിഷ്കരിക്കും. 20 മുതൽ ഒപി പൂർണമായി റിലേ അടിസ്ഥാനത്തിൽ ബഹിഷ്കരിക്കും. ഇതനുസരിച്ച് ഈ മാസം 20 തിങ്കളാഴ്ച, 28 ചൊവ്വാഴ്ച, നവംബർ അഞ്ച് ബുധനാഴ്ച, 13 വ്യാഴം, 21 വെള്ളി, 29 ശനി എന്ന ക്രമത്തിലാകും ബഹിഷ്കരണം.
ഈ ദിവസങ്ങളിൽ ക്ലാസുകളും ബഹിഷ്കരിക്കും. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ അധ്യാപനവും ചികിൽസയും പൂർണമായി ബിഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാര ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ മുന്നറിയിപ്പു നൽകി. ശന്പള പരിഷ്കരണ കുടിശിക നൽകുക, ഡിഎ കുടിശിക നൽകുക, പുതിയ തസ്തികകൾ സൃഷ്ടിച്ച് പിഎസ്സി നിയമനവും പ്രമോഷനും നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.