പൾസ് പോളിയോ ഇമ്യൂണൈസേഷൻ നാളെ
Saturday, October 11, 2025 6:49 AM IST
തിരുവനന്തപുരം: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി നാളെ സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അഞ്ചു വയസിനു താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. അഞ്ചു വയസിനു താഴെയുള്ള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളിമരുന്നു നൽകാനാണ് ലക്ഷ്യമിടുന്നത്.
ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ രക്ഷാകർത്താക്കളും 5 വയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമാർജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.
നാളെ ബൂത്തുകളിൽ തുളളിമരുന്നു നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും.