കാൻസർ മരുന്നു മാറിനൽകിയ സംഭവം: സമഗ്ര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Saturday, October 11, 2025 6:47 AM IST
തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ തലച്ചോറിനെ ബാധിച്ച കാൻസറിനു ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന പരാതിയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളർക്കാണ് അന്വേഷണ ചുമതല. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ആരുടെ ഭാഗത്താണ് വീഴ്ചയെന്നു കണ്ടെത്തണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഡ്രഗ്സ് ആൻഡ് കോസ് മറ്റിക്സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കണ്ട്രോളർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണം.
മരുന്നു മാറിനൽകിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ആർസിസി ഡയറക്ടറും സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
നവംബർ ആറിനു രാവിലെ 10ന് കമ്മീഷൻ ആസ്ഥാനത്ത് ജസ്റ്റീസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിംഗിൽ ഡ്രഗ്സ് കണ്ട്രോളറുടെയും ആർസിസി ഡയറക്ടറുടെയും പ്രതിനിധികൾ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.