ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളികളും പോറ്റി കടത്തി ദേവസ്വം വിജിലന്‍സ് റിപ്പോർട്ട് ;
Saturday, October 11, 2025 6:58 AM IST
കൊച്ചി: ഉണ്ണികൃഷ്ണന് പോറ്റി ചെമ്പ് എന്നപേരില്‍ ചെന്നൈയിലേക്കു കടത്തിയവയില്‍ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളികളും. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയതിനു പുറമെയാണിതെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം പൂശാനെന്ന പേരിലാണു കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളികളും കടത്തിയത്. കട്ടിളപ്പാളികളിലും ദ്വാരപാലക ശില്പങ്ങളിലും സ്വര്‍ണം പൂശിയതിനുശേഷമുണ്ടായിരുന്ന 474.9 ഗ്രാം സ്വര്‍ണം 2019 ഒക്ടോബര്‍ പത്തിന് ഉണ്ണികൃഷ്ണന് പോറ്റിയുടെ നിര്‍ദേശപ്രകാരം കല്‍പേഷ് എന്നയാള്‍ക്കു കൈമാറിയതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നു. ഇത്രയും സ്വര്‍ണം ദേവസ്വം ബോര്‍ഡിനു കൈമാറിയതായി രേഖയില്ലെന്നും എസ്പി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഗൗരവ കുറ്റകൃത്യം ഹൈക്കോടതി
ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ഗുരുതര കുറ്റങ്ങളാണു നടന്നതെന്നിരിക്കേ, പ്രത്യേക അന്വേഷണസംഘം ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ശില്പങ്ങളിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച അന്വേഷണം ഒന്നിച്ചോ രണ്ടായോ നടത്താം. സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ കൈമാറ്റം നടത്തിയതും ഇവയില്‍നിന്ന് അനുവാദമില്ലാതെ സ്വര്‍ണം നീക്കിയതും നീക്കിയ സ്വര്‍ണം അപഹരിച്ചെടുത്തതും ഗൗരവ കുറ്റകൃത്യങ്ങളാണ്. മോഷണം, ക്രമക്കേട്, വിശ്വാസവഞ്ചന എന്നിവ നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ആറാഴ്ചയ്ക്കുള്ളില്‍ എസ്ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. തത്സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചകൂടുമ്പോള്‍ കോടതിയില്‍ നല്‍കണം.
വാതില്പ്പടികളിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍ കൈമാറിയതായി 2019 മേയ് 18 ന് തയാറാക്കിയ മഹസറില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, തന്ത്രി, മേല്‍ശാന്തി, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം ഒപ്പിട്ടിട്ടുണ്ട്. സ്വര്ണത്തിന്മേൽ സ്വര്‍ണം പൂശാനുള്ള സാങ്കേതിക വിദ്യ ലഭ്യമല്ലെന്ന് സ്മാര്‍ട്ട് ക്രിയേഷൻസ് അറിയിച്ചതിനെത്തുടര്‍ന്ന് ഉണ്ണികൃഷ്ണന് പോറ്റിയുടെ നിര്‍ദേശപ്രകാരം സ്വര്‍ണപ്പാളി നീക്കി സ്വര്‍ണം പൂശുകയായിരുന്നു.
വാതിലിനു സ്വര്‍ണം പൂശി നല്കിയ ഗോവര്‍ധനാണ് കട്ടിളപ്പടിക്കായി 186.587 ഗ്രാം സ്വര്‍ണം 2019 ജൂൺ പത്തിന് സ്മാർട്ട് ക്രിയേഷൻസില്‍ നല്‍കിയത്. ഇതില്‍ 184 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് പൂശിയ വാതില്‍പ്പടികള്‍ 2019 ജൂണ്‍ 15ന് കൈമാറിയതിനൊപ്പം ബാക്കി സ്വര്‍ണവും മടക്കി നല്കി. 2019 ഓഗസ്റ്റിലാണ് ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്മാര്‍ട്ട് ക്രിയേഷൻസില്‍ എത്തിക്കുന്നത്. അതിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഭാഗം പോറ്റിയുടെ നിര്‍ദേശപ്രകാരം നീക്കി ഡോണറിന്റെയും ദേവസ്വം ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം പൂശി.
2019 സെപ്റ്റംബര്‍ നാലിന് 394.9 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് പൂശിയ ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ 14 പാളികള്‍ കൈമാറി. 2019ല്‍ സ്വര്‍ണം പൂശുന്നതിനുമുമ്പ് വാതില്‍പ്പടികളില്‍ ഉണ്ടായിരുന്നത് 409 ഗ്രാം സ്വര്‍ണവും ദ്വാരപാലക ശില്പങ്ങളില് 577 ഗ്രാം സ്വര്‍ണവുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതു യഥാക്രമം 184 ഗ്രാം, 394.9 ഗ്രാം വീതമാണുള്ളത്.
സ്വര്‍ണം പൂശാനായി സ്മാര്‍ട്ട് ക്രിയേഷന്‍സിനു നല്‍കേണ്ട പ്രതിഫലം 109.243 ഗ്രാം സ്വര്ണമായാണു നല്‍കിയത്. സ്പോണ്സര് എന്നു പറഞ്ഞെത്തിയ ഉണ്ണികൃഷ്ണന് പോറ്റി ഇതിനുള്ള പണംപോലും സ്വന്തം പോക്കറ്റില്‍നിന്നു നല്‍കിയില്ല.
അദ്ദേഹം നല്‍കിയതായി പറയുന്നത് ആകെ മൂന്നു ഗ്രാം സ്വര്‍ണമാണ്. മൂന്നു ഗ്രാം സ്വര്‍ണം മുടക്കി അരക്കോടിയിലധികം രൂപ വിലവരുന്ന 474.9 ഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയാണു ചെയ്തതെന്ന് വേണം കരുതാന്‍.