കിണറിനുള്ളിൽ പുലി കുടുങ്ങി
Saturday, October 11, 2025 6:47 AM IST
പത്തനാപുരം: പിറവന്തൂർ കറവൂരിൽ വീടിന്റെ കിണറിനുള്ളിൽ പുലി കുടുങ്ങി. പിറവന്തൂർ കറവൂർ പെരുന്തോയിൽ ചാങ്ങപ്പാറ ലക്ഷ്മി ഭവനിൽ ഷീബയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. 14 അടിയോളം താഴ്ചയുള്ള ഉള്ള കിണറ്റിൽ കഴിഞ്ഞ രാത്രിയോ, ഇന്നലെ പുലർച്ചയോടെയോ പുലി അകപ്പെട്ടതാകാം എന്നാണ് നിഗമനം.
രാവിലെ കിണറ്റിൽ നിന്നും വെള്ളം കോരാൻ എത്തിയ വീട്ടുകാരാണ് പുലിയെ കിണറ്റിനുള്ളിൽ കണ്ടത്. പുലിയെക്കണ്ട് ബഹളം വച്ചതിനെ തുടർന്ന് പ്രദേശവാസികൾ എത്തുകയും തുടർന്ന് വനപാലകരെ വിവരമറിയിക്കുകയും ആയിരുന്നു.
വനപാലകരെത്തി പുലിയെ കരയിലേക്ക് കയറ്റുന്നതിനുള്ള ശ്രമം മണിക്കൂറോളം തുടർന്നുവെങ്കിലും പുലി ആക്രമണകാരിയായേക്കും എന്നുള്ള സംശയത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഏകദേശം അഞ്ചു വയസോളം പ്രായമുള്ള ആൺപുലിയാണ് കിണറ്റിൽ അകപ്പെട്ടത്. തുടർന്ന് അഗ്നിശമനസേനയെക്കൂടി വിളിച്ചുവരുത്തി ഉച്ചയ്ക്ക് കയർ വലയുടെ സഹായത്തോടെ പുലിയെ കരയിലേക്ക് കയറ്റി. കയർ വലയിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച കമ്പിക്കൂട്ടിലേക്ക് പുലിയെ മാറ്റുകയും ചെയ്തു.
കഴിഞ്ഞ രാത്രി കാട്ടാനയുടെയും പുലിയുടെയും ഉൾപ്പെടെയുള്ള ശബ്ദം നാട്ടുകാർ കേട്ടതായി പറയുന്നു. വന്യമൃഗങ്ങൾ തമ്മിലുള്ള ആക്രമണത്തെ തുടർന്ന് പുലി കിണറ്റിൽ വീണതാകാം എന്നും സംശയമുണ്ട്. അച്ചൻകോവിൽ വനമേഖലയിലോ റാന്നിയിലെ വനമേഖലയിലോ പുലിയെ തുറന്നു വിടാനാണ് തീരുമാനമെന്ന് വനപാലകർ അറിയിച്ചു. പുനലൂർ ഡിഎഫ്ഒ ഷാജികുമാർ, റേഞ്ച് ഓഫീസർമാരായ ഡി .ഗിരി, ടി .ആർ .മനോജ്, എസ് .ദിവ്യ, മഹാദേവർമൺ ഡെപ്യൂട്ടി റേഞ്ചർ എം. എ .ഷാജി എന്നിവർ നേതൃത്വം നൽകി.