നടന്മാരുടെ വീട്ടിലെ ഇഡി റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ: സുരേഷ് ഗോപി
Saturday, October 11, 2025 6:49 AM IST
പാലക്കാട്: ശബരിമലയിലെ സ്വർണപ്പാളിവിവാദം മുക്കാനാണ് നടന്മാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനുവേണ്ടിയാണോയെന്നു സംശയമുണ്ട്.
കേന്ദ്രമന്ത്രിയായതിനാൽ കൂടുതലൊന്നും പറയുന്നില്ല. പ്രജാവിവാദവും സ്വർണമോഷണചർച്ച മുക്കാനാണ്. എല്ലാം കുൽസിതമെന്നും അകത്തേത്തറ കല്ലേക്കുളങ്ങരയിലെ കലുങ്കുസംവാദത്തിൽ സുരേഷ് ഗോപി പറഞ്ഞു.
സ്വർണത്തിന്റെ കേസ് മുക്കാൻവേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരളജനതയ്ക്കു വിട്ടുകൊടുത്തിരിക്കുന്നത്. ഈ സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുന്പോൾ, തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പോലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.
ഭഗവാന്റെ ചെന്പിനെക്കുറിച്ച് കണക്കെടുക്കട്ടെ. അയ്യപ്പനെക്കുറിച്ച് ഇതുവരെ താൻ ഒന്നും പറഞ്ഞിട്ടില്ല. താൻ കർമിയാണ്. അയ്യപ്പൻ മനുഷ്യനാണ്. മൂത്ത സഹോദരനായിട്ടാണ് അയ്യപ്പനെ താൻ കാണുന്നത്.
പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്നു പറഞ്ഞത് ഇവിടത്തെ നപുംസകങ്ങൾക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.