ആരും ബോഡി ഷെയ്മിംഗ് നടത്തരുത്: മന്ത്രി ആർ. ബിന്ദു
Saturday, October 11, 2025 6:47 AM IST
തിരുവനന്തപുരം: നിയമസഭയിലെ ബോഡി ഷെയ്മിംഗ് വിവാദത്തിനു പിന്നാലെ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. താൻ ഒരിക്കലും ബോഡി ഷെയ്മിംഗ് നടത്താറില്ലെന്നും ആരും അങ്ങനെ പറയരുതെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ചിത്തരഞ്ജൻ എംഎൽഎയോട് താൻ സംസാരിച്ചിരുന്നു. നെഗറ്റീവ് ആയി പറഞ്ഞതല്ലെന്നും ഭിന്നശേഷിക്കാരെ ഇകഴ്ത്തി കാണിക്കാൻ ഒട്ടും ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എങ്കിലും പരാമർശങ്ങൾ ഭിന്നശേഷി സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ഖേദം പ്രകടനം നടത്താൻ തയാറാണെന്നും പത്രക്കുറിപ്പ് ഇറക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിവിധ അവസരങ്ങളിൽ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുകയും താൻതന്നെ മറുപടി പറയുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം മുഖ്യമന്ത്രിയുടെ ‘എട്ടുമുക്കാലട്ടി’ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ‘അത് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കൂ’ എന്നായിരുന്നു പ്രതികരണം.