സമുദായ ശക്തീകരണവർഷം 2026: പ്രാരംഭഘട്ടത്തിന് നാളെ തുടക്കം
Saturday, October 11, 2025 6:47 AM IST
കാക്കനാട്: ദൈവജനത്തിന്റെ ഭൗതിക ആവശ്യങ്ങളിലും അനുദിന ജീവിതമേഖലകളിൽ അവർ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
ഈ ഉത്തരവാദിത്വനിർവഹണത്തിന്റെ ഭാഗമായി, സീറോമലബാർ സഭംഗങ്ങളുടെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക പരിതസ്ഥിതിയെക്കുറിച്ചു യാഥാർഥ്യബോധത്തോടെ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് 2026 സമുദായ ശക്തീകരണവർഷമായി സഭ പ്രഖ്യാപിച്ചതെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. സമുദായ ശക്തീകരണവർഷാചരണത്തിന്റെ പ്രാരംഭഘട്ടത്തിന് നാളെ തുടക്കമാകും.
രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ "സഭ ആധുനികലോകത്തിൽ’ എന്ന പ്രമാണരേഖ സഭയും ലോകവും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്. സഭയും ലോകവും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നില്ക്കുന്ന യാഥാർഥ്യങ്ങളല്ല. ലോകത്തിന്റെ മൂല്യക്രമമല്ല പിന്തുടരുന്നതെങ്കിലും സഭ ലോകത്തിലാണ് നിലനില്‍ക്കുന്നത്.
ലോകത്തെ ദൈവരാജ്യത്തിനായി തയ്യാറാക്കുകയാണ് സഭയുടെ ദൗത്യം. ആത്മീയശുശ്രൂഷകൾ പരികർമംചെയ്യുന്നതിലൂടെ മാത്രം ഈ ദൗത്യം പൂർത്തിയാകുന്നില്ല. മനുഷ്യനന്മ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും സഭയുടെ ദൗത്യനിർവഹണത്തിന്റെ ഭാഗമാണ്. ദൈവികപദ്ധതിയനുസരിച്ചു മനുഷ്യസമൂഹത്തെ സത്യത്തിലും നീതിയിലും സ്നേഹത്തിലും ഉറപ്പിക്കാനുള്ള കടമയും അതിൽ ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ നിയതമായ പഠനങ്ങൾക്കും ചർച്ചകൾക്കുംശേഷമാണു സീറോമലബാർസഭയിൽ ഇപ്രകാരമൊരു വർഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർതലത്തിലും സഭാതലത്തിലും സമീപകാലങ്ങളിൽ നടത്തപ്പെട്ട സർവേകളും പഠനറിപ്പോർട്ടുകളും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിശദമായി പഠിച്ചു.
ക്രൈസ്തവർ സമകാലിക സമൂഹത്തിൽ ശ്രദ്ധപതിപ്പിക്കേണ്ട വിവിധ മേഖലകളെയും ഒരു സമൂഹമെന്നനിലയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയുംകുറിച്ചുള്ള പഠനങ്ങൾ സിനഡുസമ്മേളനങ്ങളിലും 2024 ഓഗസ്റ്റിൽ പാലായിൽ നടത്തിയ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിലും അവതരിപ്പിച്ചു.
നമ്മുടെ ജനസംഖ്യയുടെ വളർച്ച, കാർഷികമേഖലയിലെ വെല്ലുവിളികൾ, സാന്പത്തിക, വ്യാപാര, തൊഴിൽ മേഖലകളിലും സർക്കാരുദ്യോഗതലങ്ങളിലുമുള്ള നമ്മുടെ പ്രാതിനിധ്യം, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, മാധ്യമരംഗങ്ങളിലുള്ള നമ്മുടെ സാന്നിധ്യം, സർക്കാർ പദ്ധതികളിലും ആനുകൂല്യങ്ങളിലും നമുക്കു ന്യായമായി ലഭിക്കേണ്ട വിഹിതം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തതിന്റെ വെളിച്ചത്തിൽ ഉയർന്നുവന്ന നിർദേശപ്രകാരമാണ് സമുദായ ശക്തീകരണവർഷം ആചരിക്കുന്നത്.
ചുമതല പബ്ലിക് അഫയേഴ്സ് കമ്മീഷന്
സമുദായ ശക്തീകരണവർഷാചരണം ഫലപ്രദമായി സംഘടിപ്പിക്കാനുള്ള ചുമതല സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനെയാണ് സിനഡ് ഏൽപ്പിച്ചിരിക്കുന്നത്. കത്തോലിക്കാ കോണ്‍ഗ്രസ് ഈ ദൗത്യത്തിൽ കമ്മീഷന്റെ പ്രധാന സഹകാരിയാണ്.
മെത്രാൻമാർ, വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർഥികൾ, പാസ്റ്ററൽ, ഫൊറോനാ, പാരിഷ് കൗണ്‍സിലുകൾ, മാതൃവേദി, എസ്എംവൈഎം, മിഷൻലീഗ്, ഡിസിഎംഎസ് തുടങ്ങിയ സഭാതല അത്മായസംഘടനകൾ, ഇവയ്ക്കു പുറമേയുള്ള രൂപതാതല സംഘടനകൾ, മതാധ്യാപകർ, കുടുംബക്കൂട്ടായ്മാ ലീഡേഴ്സ്, സ്കൂൾ, കോളേജ് അധ്യാപകർ, ഉദ്യോഗസ്ഥർ, റിട്ട. ഉദ്യോഗസ്ഥർ, അഭിഭാഷകർ, ആരോഗ്യപ്രവർത്തകർ, കർഷകർ, വ്യാപാരിവ്യവസായികൾ എന്നിങ്ങനെ എല്ലാ തലത്തിലുമുള്ളവരുടെയും പൂർണമായ സഹകരണത്തോടും പങ്കാളിത്തത്തോടുംകൂടിയാണ് ഈ വർഷാചരണം നടത്താൻ ആഗ്രഹിക്കുന്നത്.
കർമപദ്ധതി മൂന്നു ഘട്ടങ്ങളിലായി
പ്രാരംഭഘട്ടം, പ്രായോഗികഘട്ടം, അനുബന്ധഘട്ടം എന്നിങ്ങനെ മൂന്നുഘട്ടങ്ങളായാണ് കർമപദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. നാളെ ആരംഭിക്കുന്ന പ്രാരംഭഘട്ടം ഡിസംബർവരെയാണ്. ഈ ഘട്ടത്തിൽ സമുദായവിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് നടത്തേണ്ടത്.
വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർഥികൾ, അല്മായർ എന്നിങ്ങനെ സഭയിലെ എല്ലാ തലങ്ങളിലുമുള്ളവർക്കായി നടത്തപ്പെടണം. രൂപതകൾ, ഇടവകകൾ, സെമിനാരികൾ, സമർപ്പിതസമൂഹങ്ങൾ, കോർപ്പറേറ്റ് മാനേജ്മെന്റുകൾ, അണ്‍എയ്ഡഡ് സ്കൂളുകൾ, കോളജുകൾ, ഇതര വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ തങ്ങളുടേതായ തലങ്ങളിൽ ബോധവത്കരണ പരിപാടികൾ ക്രമീകരിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കെസിഎസ്എൽ, സിഎസ്എം തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ഇതു നടപ്പിലാക്കാൻ സാധിക്കും.
സമുദായബോധവത്കരണത്തിനു സഹായകമാകത്തക്കവിധത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കൈപ്പുസ്തകം തയാറാക്കിയിട്ടുണ്ട്. സമുദായ ശക്തീകരണ കർമപദ്ധതിയുടെ വിശദാംശങ്ങൾ ഇതിലുണ്ട്. രൂപതകളിൽ റിസോഴ്സ് ടീം രൂപീകരിച്ച് കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തണം.
ദീപിക, ഷെക്കെയ്ന, ശാലോം, ഗുഡ്നെസ് തുടങ്ങി സഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഖ്യധാരാമാധ്യമങ്ങളും ഓണ്‍ലൈൻ മാധ്യമങ്ങളും ഈ ബോധവത്കരണ പ്രക്രിയയിൽ സജീവപങ്കാളികളാകണം. സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതും അവയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നതുമാണ് ഈ വർഷം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാംഘട്ടം പ്രായോഗികഘട്ടമാണ്. ഇത് 2026 ജനുവരി ആറ്, ദനഹാത്തിരുന്നാളിൽ ഉദ്ഘാടനം ചെയ്യപ്പെടും. കൈപ്പുസ്തകത്തിൽ നിർദേശിച്ചിട്ടുള്ള കർമപദ്ധതികൾ പരമാവധി എല്ലാത്തലങ്ങളിലും നടപ്പിലാക്കിയെടുക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. അവയിൽ ചില കാര്യങ്ങൾ 2026 ൽത്തന്നെ ഫലപ്രാപ്തിയിൽ എത്തിക്കാൻ സാധിക്കും.
അതേസമയം ചില കാര്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടവയും സാവധാനം ലക്ഷ്യത്തിലെത്തുന്നവയുമാണ്. സമുദായശക്തീകരണപ്രവർത്തനങ്ങൾ ഈ ഒരു വർഷംകൊണ്ട് അവസാനിപ്പിക്കേണ്ടവയല്ല, നിരന്തരം തുടരേണ്ടവയാണ്. അതിനാൽ, തുടർവർഷങ്ങളെ അനുബന്ധഘട്ടമായാണ് കണക്കാക്കുന്നത്. 2026ലെ വർഷാചരണം സമുദായശക്തീകരണത്തിന്റെ പ്രാരംഭനടപടിയും പ്രായോഗികപരിശീലനവും മാത്രമാണ്.
ക്രമീകരണങ്ങൾ എല്ലാ രൂപതകളിലും
ഈ വർഷാചരണത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് എല്ലാ രൂപതകളിലും ക്രമീകരണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒരു വികാരി ജനറാളിന് വർഷാചരണത്തിന്റെ പ്രത്യേക ചുമതലയുണ്ടാകണം. അദ്ദേഹത്തിന്റെ കീഴിൽ ഒരു വൈദികൻ വർഷാചരണ പ്രവർത്തനങ്ങളുടെ ഡയറക്ടറായും ഒരു അല്മായൻ കണ്‍വീനറായും പ്രവർത്തിക്കണം. പ്രസ്തുത വികാരി ജനറാൾ ചെയർമാനായി രൂപതാതല സമുദായ ശക്തീകരണകമ്മിറ്റി രൂപീകരിക്കണം.
ഈ കമ്മിറ്റിയിൽ വൈദികർ, സമർപ്പിതർ, സംഘടനകൾ, മതാധ്യാപകർ തുടങ്ങി രൂപതയുടെ എല്ലാത്തലങ്ങളിലുമുള്ളവരുടെ പ്രതിനിധികൾ ഉണ്ടാകണം. ഫൊറോനാ, ഇടവകതലങ്ങളിലും ഈ കമ്മിറ്റിക്കു കീഴ്ഘടകങ്ങൾ ഉണ്ടാകണം. ഈ സുപ്രധാന കമ്മിറ്റിയാണ് വർഷാചരണ പ്രവർത്തനങ്ങൾക്കു രൂപതകളിൽ നേതൃത്വംനല്‍കേണ്ടത്. ഈ കമ്മിറ്റിയുടെ ചുമതലയിൽ റിസോഴ്സ് ടീം രൂപീകരിക്കുകയും ബോധവത്കരണം ഊർജിതമായി നടത്തുകയും ചെയ്യണം.
സമുദായ ശക്തീകരണ വർഷാചരണത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ അവരവരുടെ തലങ്ങളിൽ പ്രത്യേകമായി താത്പര്യമെടുത്തു പ്രവർത്തിക്കണം.
സമുദായത്തിലെ ഓരോ അംഗവും ഓരോ വിഭാഗവും താന്താങ്ങളുടെ കർമശേഷി പൂർണമായും ഉപയോഗിച്ചുകൊണ്ട്, കുടുംബകൂട്ടായ്മകളിലും ഇടവകകളിലും ഫൊറോനകളിലും രൂപതകളിലും സമുദായത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ വിഭാവനംചെയ്തു നടപ്പിലാക്കുന്പോൾ സമുദായം മുഴുവൻ ശക്തിപ്പെടും; സമുദായ ശക്തീകരണവർഷാചരണം നീണ്ടുനില്‍ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുമെന്നും മാർ റാഫേൽ തട്ടിൽ സർക്കുലറിൽ ചൂണ്ടിക്കാട്ടി.