ഭൂട്ടാന് വാഹനക്കടത്ത്: ഒന്നിലധികം റാക്കറ്റ്
Saturday, October 11, 2025 6:47 AM IST
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനില്‍നിന്ന് ആഡംബര വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതിനു പിന്നില്‍ ഒന്നിലധികം സംഘങ്ങളുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ ശരിവച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
കഴിഞ്ഞദിവസത്തെ മിന്നല്‍ പരിശോധനയുടെ ചുവടുപിടിച്ച് കോയമ്പത്തൂരിലെ ഇടനിലക്കാരിലെത്തിയ ഇഡി സംഘത്തിനു ഡല്‍ഹിയിലെ റാക്കറ്റിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
കോയമ്പത്തൂരിലെ സംഘത്തില്‍നിന്നു പിടിച്ചെടുത്ത വ്യാജ എന്ഒസിയില്നിന്നാണ് ഡല്‍ഹിയിലെ ഇടനില സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡിക്കു ലഭിച്ചിട്ടുള്ളത്. ഇരുസംഘങ്ങളും തമ്മിലുള്ള ഇടപാടുകളും ഫോണ്‍സംഭാഷണങ്ങളും ഇഡി ശേഖരിച്ചതായാണു വിവരം.
‘ഓപ്പറേഷന് നുംഖോറി’ന്റെ ഭാഗമായി കുണ്ടന്നൂരില്‍നിന്ന് ഫസ്റ്റ് ഓണര്‍ ഭൂട്ടാന് ലാന്ഡ്ക്രൂസര് പിടികൂടിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്സാരിയില്നിന്നാണു ഡല്‍ഹി സംഘത്തെക്കുറിച്ചുള്ള വിവരം കസ്റ്റംസിനു ലഭിച്ചത്.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ നിരോധിച്ചതോടെ ഡല്‍ഹി രജിസ്ട്രേഷന് വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്കാണു മലയാളികളടക്കം സ്വന്തമാക്കിയത്. ഈ അവസരം മുതലെടുത്താണ് ഡല്‍ഹി റാക്കറ്റ് ഭൂട്ടാന്വാഹനങ്ങൾ കേരളത്തില്‍ വിറ്റഴിച്ചതെന്നാണു കണ്ടെത്തല്‍.