സൈബര്‍ സുരക്ഷയ്ക്ക് ഒറ്റക്കെട്ടായി അണിനിരക്കണം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി
Saturday, October 11, 2025 6:47 AM IST
എത്ര പ്രതിരോധം തീര്‍ക്കുന്നുവോ അത്രത്തോളം സൈബര്‍ ആക്രമണങ്ങള്‍ പെരുകുകയാണ്.
ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സുരക്ഷയ്ക്ക് തദ്ദേശീയ സാങ്കേതികവിദ്യകള്‍ കൂടുതലായി വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ കേരള പോലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് ‘കൊക്കൂണ്‍–2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡാര്‍ക്ക് വെബ്, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) തുടങ്ങിയ രഹസ്യാത്മക വഴികളാണ് സൈബര്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പുകാരെ വേഗത്തില്‍ പിടികൂടുന്നതിന് പ്രയാസം നേരിടുന്നു. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കൊപ്പം സൈബര്‍ ഡിപ്പെൻഡിംഗ് കുറ്റകൃത്യങ്ങളും കൂടിവരികയാണ്. അന്വേഷണ സംവിധാനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗരൂകരാകണം.
മെട്രോ, വിമാനത്താവളം, ട്രെയിന്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലകളെയും സൈബര്‍ കുറ്റവാളികള്‍ ഉന്നംവയ്ക്കുന്നുണ്ട്. ഡിജിറ്റല്രംഗത്തു വെല്ലുവിളികള്‍ കൂടിയതോടെ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ അറിയിക്കാനും നടപടിയെടുക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ 4 സി) എന്ന കേന്ദ്രീകൃത സംവിധാനത്തിലൂടെ പരാതികളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചതായും ഗോവിന്ദ് മോഹന്‍ പറഞ്ഞു.
ഡിജിപി റവാഡ ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന് എംപി അധ്യക്ഷത വഹിച്ചു. വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം, എഡിജിപി എസ്. ശ്രീജിത്ത്, ഐജി പി. പ്രകാശ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് തുടങ്ങിയവരും പങ്കെടുത്തു. ഇന്നു വൈകുന്നേരം നാലിന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.