ഗ്യാസ് ചോർന്ന് തീപിടിച്ച് നാലു പേർക്ക് പൊള്ളലേറ്റു
Saturday, October 11, 2025 6:47 AM IST
പഴയങ്ങാടി: പുതിയങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിൽ പാചകവാതകം ചോർന്ന് തീപിടിച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. നാലുപേരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഒഡീഷ സ്വദേശികളായ ശിവ ബഹ്റ (35), നിഘം ബഹ്റ (40), സുബാഷ് ബഹ്റ (50), ജിതേന്ദ്ര ബഹ്റ (28), എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ശിവ ബഹ്റ, നിഘം ബഹ്റ എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. പുതിയങ്ങാടി കടപ്പുറം കേന്ദ്രീകരിച്ച് മീൻപിടിക്കുന്ന അൽ റജബ് ബോട്ടിലെ തൊഴിലാളികളാണ് പൊള്ളലേറ്റ നാലു പേരും. വ്യാഴാഴ്ച രാത്രി ഭക്ഷണം പാകം ചെയ്തശേഷം ഗ്യാസ് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനിടയാക്കിയത്. ഇന്നലെ രാവിലെ ഉറക്കമുണർന്ന ഒരാൾ ഭക്ഷണം പാകം ചെയ്യാൻ ലൈറ്റർ ഉപയോഗിച്ച സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീപിടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവരാണ് പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.