മുനന്പത്തെ ഭൂമി വഖഫല്ല; ജുഡീഷൽ കമ്മീഷന് തുടരാം: ഹൈക്കോടതി
Saturday, October 11, 2025 6:58 AM IST
കൊച്ചി: മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തല്ലെന്നു ഹൈക്കോടതി. ഫാറൂഖ് കോളജിന് 1950ൽ ഇഷ്ടദാനമായി കൈമാറിയ ഭൂമിയാണിത്. 69 വർഷത്തിനുശേഷം അതു വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വഖഫ് ബോർഡിന്റെ നടപടി 1954, 1984,1995 വർഷങ്ങളിലെ വഖഫ് നിയമത്തിന് നിരക്കുന്നതല്ലെന്നും കോടതി നിരീ ക്ഷിച്ചു. മുനമ്പം തർക്കപരിഹാരത്തിനു നിർദേശങ്ങൾ സമർപ്പിക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷൽ കമ്മീഷന് തുടരാമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. കമ്മീഷന്റെ നിയമനം നിയമപരമാണ്. കമ്മീഷൻ ശിപാർശകളിൽ നടപടിയുമായി സർക്കാരിന് മുന്നോട്ടുപോകാം.
ജുഡീഷൽ കമ്മീഷനെ നിയമിച്ച് 2024 നവംബർ 27ന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ മാർച്ച് 17ലെ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. 1923ലെ മുസ്ലിം വഖഫ് നിയമം, 1954, 1995 വർഷങ്ങളിലെ വഖഫ് നിയമം, കാലാകാലങ്ങളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച പ്രഖ്യാപനങ്ങൾ എന്നിവ പരിശോധിച്ചാൽ സിംഗിൾ ബെഞ്ച് വിധി നിലനിൽക്കുന്നതല്ലെന്നു വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജുഡീഷൽ കമ്മീഷൻ നിയമനം നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടികൾക്കുള്ള സ്റ്റേ നീക്കിയിട്ടുണ്ട്.
കോടതി പറയുന്നു...എന്തുകൊണ്ട് വഖഫല്ല?
വഖഫ് നിയമപ്രകാരം ‘സർവശക്തനായ ദൈവത്തിനുവേണ്ടി സ്ഥിര സമർപ്പണം’ എന്നനിലയിലാണു വഖഫ് ഭൂമി രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ, മുനമ്പത്തെ ഭൂമി ഇത്തരത്തിലുള്ളതല്ല. വിൽക്കാനും കൈമാറാനുമുള്ള അവകാശത്തോടെ ഫാറൂഖ് കോളജ് മാനേജ്മെന്റിലാണ് സമ്പൂർണമായി നിക്ഷിപ്തമായിരിക്കുന്നത്. വഖഫ് നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥപ്രകാരം ഇതിനെ ‘വഖഫ് ആധാരം’ ആയി കണക്കാക്കാനാകില്ല. ‘വഖഫ് ഭൂമി’ എന്ന നാമകരണം മാത്രം മതിയാകില്ല.
ഒരു വസ്തുവിന്റെ രേഖയിൽ ബന്ധപ്പെട്ട സ്വത്ത് വഖഫ് ആധാരമായി തിരിച്ചിട്ടുള്ളതാണോ അല്ലയോ എന്ന് അംഗീകൃത രേഖകളുടെ അടിസ്ഥാനത്തിൽ, റിട്ട് കോടതിക്കുതന്നെ പരിശോധിക്കാനാവുന്നതാണ്. വഖഫ് ബോർഡിന്റെ വിജ്ഞാപനത്തെത്തുടർന്ന് വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുകയാണെങ്കിലും 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബോർഡിന്റെ നടപടി ശരിയും ന്യായവും നിർബന്ധിത വ്യവസ്ഥകൾ പാലിച്ചുമാണോ നിയമവിരുദ്ധമാണോ എന്നു സിംഗിൾ ബെഞ്ച് ഉറപ്പു വരുത്തണമായിരുന്നു.
പതിറ്റാണ്ടുകൾക്കുശേഷമാണ് മുനമ്പത്തേതു വഖഫ് ഭൂമിയായി വിജ്ഞാപനം നടത്തുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തത് എന്നതിനാലാണു വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാകുന്നത്. അതിനാൽ, നിലവിലെ രജിസ്ട്രേഷൻ നിയമപരമായി നടപ്പാക്കാൻ കഴിയാത്തതാണ്. -കോടതി നിരീക്ഷിച്ചു.
വികസനപ്രവർത്തനങ്ങൾക്കായി 50കളിൽ അബ്ദുൾ സത്താർ സേട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റിനു കൈമാറിയ 404 ഏക്കർ ഭൂമിയാണ് പിന്നീട് തർക്കത്തിലായത്. 610 കുടുംബങ്ങളാണ് ഇവിടെ കുടിയിറക്കുഭീഷണിയിലുള്ളത്. 2019ൽ വഖഫ് ബോർഡ് ഇതിനെ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് ഏറ്റെടുക്കാൻ ശ്രമം നടത്തിയപ്പോൾ മുതൽ താമസക്കാർ നിയമനടപടികളും പ്രക്ഷോഭവുമായി രംഗത്തുണ്ട്.