കന്പത്ത് മലയാളിയെ തലയ്ക്കടിച്ചുകൊന്നു
Saturday, October 11, 2025 6:49 AM IST
ഇടുക്കി: തമിഴ്നാട്ടിലെ കന്പത്ത് സ്വകാര്യ ലോഡ്ജിൽ ഗ്രിൽ നിർമാണ തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. തൃശൂർ സ്വദേശി മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന കൂടലൂർ എം.ജി.ആർ. കോളനി സ്വദേശി ഉദയകുമാറിനെ (39) പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തേ കേരളത്തിൽ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കന്പം സ്വദേശിയായ ശരവണൻ ഇപ്പോൾ അവിടെ സ്വന്തമായി ഗ്രിൽ വർക്ക്ഷോപ്പ് നടത്തുകയാണ്. ശരവണനാണ് റാഫിയെ കന്പത്തേക്ക് ജോലിക്ക് കൊണ്ടുപോയത്. ഒക്ടോബർ ആറിന് കന്പത്ത് എത്തിയ റാഫി ചെല്ലാണ്ടി അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള സ്വകാര്യ ലോഡ്ജിൽ താമസിച്ച് ശരവണനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു.
ലോഡ്ജിലെ അടുത്തമുറിയിൽ താമസിച്ചിരുന്ന പ്രതിയോടൊപ്പം മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും ഇതിൽ പ്രകോപിതനായ ഉദയകുമാർ ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ അടിക്കുകയുമായിരുന്നു.
അടിയേറ്റ റാഫി ബോധരഹിതനായി. സംഭവമറിഞ്ഞ ലോഡ്ജ് ജീവനക്കാർ ഉടൻ തന്നെ കന്പം നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇൻസ്പെക്ടർ പാർത്ഥിപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ റാഫി മരിച്ചതായി സ്ഥിരീകരിച്ചു.തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കന്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.