ഗുരുവായൂരിലും സ്വർണ, വെള്ളി ഇടപാടുകളിൽ ക്രമക്കേട്: എജി
Saturday, October 11, 2025 6:58 AM IST
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലും സ്വർണം, വെള്ളി ഇടപാടുകളിൽ ക്രമക്കേടുകളെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിൽ കണ്ടെത്തൽ.
ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യോപയോഗത്തിനു കൈമാറുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരികെ ഏൽപ്പിക്കുന്പോഴുള്ള തൂക്കക്കുറവിനു നടപടി സ്വീകരിക്കുന്നില്ല, നേരത്തേ ഏൽപ്പിച്ച ഇനങ്ങളല്ല തിരികെ നൽകുന്നത്, ക്ഷേത്രത്തിൽ നടവരവായി ലഭിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ അക്കൗണ്ട് ചെയ്യപ്പെടുന്നില്ല തുടങ്ങിയ ക്രമക്കേടുകളാണ് എജിയുടെ റിപ്പോർട്ടിൽ പറയുന്നത്.
2020 നവംബർ 15ന് ക്ഷേത്ര ആവശ്യത്തിനായി കൈപ്പറ്റിയ ഒൻപത് ഇനത്തിൽപ്പെട്ട സ്വർണം, വെള്ളി സാധനങ്ങൾ 10 മാസത്തിനകം തിരികെ ഏൽപ്പിച്ചപ്പോൾ 1190 ഗ്രാമിന്റെ കുറവു വന്നതായി കണ്ടെത്തി. ഇതു തികച്ചും അവിശ്വസനീയമെന്നാണ് എജി വ്യക്തമാക്കുന്നത്.
നൽകിയ ഇനങ്ങളല്ല ലഭിക്കുന്നതെന്നും കണ്ടെത്തി. ഡിഎൽആർ നന്പരുമായി ഒത്തുനോക്കി സാധനങ്ങൾ തിരികെ ഏൽപ്പിക്കുന്പോൾ വ്യത്യാസം വരുന്നതായി കാണുന്നു. സ്വർണ ഉരുപ്പടിക്കു പകരം വെള്ളിയിൽ തീർത്ത സാധനങ്ങൾ തിരികെ ഏൽപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.