ബംഗളൂരുവിലേക്കു പോയ ബസ് അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം
Saturday, October 11, 2025 6:47 AM IST
മാനന്തവാടി: കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. മൈസൂരു ഹുൻസൂരിലാണ് അപകടം.
ഡിഎൽടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം. അപകടം നടന്ന സമയത്ത് കനത്ത മഴയും ഉണ്ടായിരുന്നു. ഇതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് നടത്താനായത്. നേരം പുലർന്ന് ഏഴോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്. വ്യാഴാഴ്ച രാത്രി തുടർച്ചയായി പെയ്ത കനത്ത മഴയിൽ റോഡരികിൽ വീണ ഉണങ്ങിയ മരം കണ്ട ബസ് ഡ്രൈവർ വാഹനം വെട്ടിച്ച് മാറ്റിയപ്പോൾ എതിർദിശയിൽനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.