ഭിന്നശേഷി സംവരണം ; അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു: മാര്‍ തോമസ് തറയില്‍
Sunday, October 12, 2025 1:31 AM IST
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിലെത്തി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ദീപികയോടു നടത്തിയ പ്രതികരണം.
വിദ്യാഭ്യാസ മന്ത്രിയുടെ വരവും കൂടിക്കാഴ്ചയും ശുഭപ്രതീക്ഷ നൽകുന്നതാണോ?
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ചങ്ങനാശേരിയില്‍ ഏതാനും പരിപാടികള്‍ക്കു വന്നതാണ്.അദ്ദേഹം ഒരു സൗഹൃദസന്ദര്‍ശനം നടത്തുകയായിരുന്നു. ഞാന്‍ ഒരു വര്‍ഷം മുമ്പ് മറ്റു പിതാക്കന്മാരോടൊപ്പം മന്ത്രിയെക്കണ്ട് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടുള്ള വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇന്നലത്തെ കൂടിക്കാഴ്ച വളരെ ഭാവാത്മകമായിരുന്നു. അധ്യാപകരുടെ പ്രശ്നം തീര്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി സര്‍ക്കാര്‍ അടുത്തയാഴ്ച യോഗം വിളിച്ചു ചേര്‍ക്കും. അധ്യാപകര്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികള്‍ യോഗത്തിലുണ്ടാകുമെന്നാണു പ്രതീക്ഷ.
വര്‍ഷങ്ങളായി സര്‍ക്കാരിനു മുമ്പില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തടസപ്പെടുത്തിയ അധ്യാപക നിയമനം നടത്തണമെന്ന ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുണ്ടായത് പോസിറ്റീവായ ഒരുചുവടുവയ്പായി കരുതുന്നു.
എന്തുകൊണ്ടാണ് പ്രശ്നപരിഹാരം ഇത്ര നീണ്ടുപോയത്?
ഈ വിഷയം നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സുപ്രീംകോടതിയുടെ വിധിയായിരുന്നു ഇത്രയും നാള് നിയമനത്തിനു തടസമായി നിന്നിരുന്നത്. സര്‍ക്കാര്‍തന്നെ ഈ പ്രശ്നം സുപ്രീംകോടതിയില്‍ പോയി പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രശ്നമായി കണ്ടു പരിഹരിക്കണമെന്നായിരുന്നു നമ്മുടെ ആഗ്രഹം.
എന്നാല്‍ അതു നടന്നില്ല. ഇപ്പോള്‍ എന്‍എസ്എസ് മാനേജ്മെന്റിന്റെ കാര്യത്തില്‍ സുപ്രീംകോടതിവിധി വന്നപ്പോള്‍ ആ തടസം മാറിക്കിട്ടി. വേണമെങ്കില്‍ സര്‍ക്കാരിന് ഒരു ഉത്തരവിലൂടെ തടസം മാറ്റിയെടുക്കാവുന്നതേയുള്ളു.
നിയമനകാര്യങ്ങളില്‍ ഇരട്ടത്താപ്പ് നയമല്ലേ?
എന്‍എസ്എസിന് നിയമനവിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി കിട്ടി. പക്ഷെ അതേ വിധി ക്രൈസ്തവ മാനേജ്മെന്റിനും നടപ്പിലാക്കണമോ എന്നതില്‍, നടപ്പിലാക്കിയില്ലെങ്കിലും കോടതി അലക്ഷ്യമാകില്ലെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാകാം സർക്കാർ നിലപാടെടുത്തത്. ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് പോസ്റ്റുകളുടെ എണ്ണവും സ്കൂളുകളും കൂടുതലുണ്ട്. അതുകൊണ്ടായിരിക്കാം ഈ നിലപാട്.
ഇത് വിദ്യാഭ്യാസ അവകാശലംഘനമല്ലേ?
വിദ്യാര്‍ഥികളുടെ ഭാവി എന്നതിലുപരി വിദ്യാഭ്യാസ അവകാശ ലംഘനമാണ് ഇതിലൂടെ ഉണ്ടാകുന്നത്. വിദ്യാഭ്യാസം മൗലികാവകാശമാണ്. അത് തടസപ്പെടുകയാണ്.
പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സന്തോഷമില്ലാത്ത സാഹചര്യം സര്‍ക്കാരുണ്ടാക്കിയാല്‍ എങ്ങനെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സാധിക്കും.
അധ്യാപകരുടെ നിയമനം തടസപ്പെടുന്നത് പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ്. ഇക്കാര്യം ഗവണ്മെന്റ് ഗൗരവമായി പരിഗണിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.
അടുത്തയാഴ്ചത്തെ യോഗത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുന്നു.
സമ്പൂര്ണപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് ജോസ് കെ. മാണി
ചങ്ങനാശേരി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വളരെ വിശദമായ ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് എന്ന നിലയില്‍ നടത്തിയിരുന്നു.
അതിന്റെ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വിശദമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം അതിന് മുന്‍കൈയെടുക്കുമെന്നു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലുമായി മന്ത്രി വി. ശിവന്‍കുട്ടി വിശദമായ ആശയവിനിമയനം നടത്തി.
നിയമനങ്ങള്‍ നടന്ന അധ്യാപകര്‍ക്ക് അംഗീകാരം നല്കി ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ വളരെ അനുകൂലമായ നിലപാടാണ് മന്ത്രി വി. ശിവന്‍കുട്ടി ബിഷപുമായി നടത്തിയ ചര്‍ച്ചയില്‍ സ്വീകരിച്ചത്. സുപ്രിംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ നിയമപരമായ വിഷയങ്ങളടക്കം മുഖ്യമന്ത്രിയുമായി 13ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കും.
വേഗത്തില്‍ പ്രശ്നപരിഹാരം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.