ഷാഫി ഐസിയുവില്‍; മൂക്കിന്റെ എല്ലിനു പൊട്ടല്‍
Sunday, October 12, 2025 2:20 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ പോലീസിന്റെ അടിയേറ്റ് മുഖത്തിനു സാരമായി പരിക്കേറ്റ ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവില്‍ തുടരുന്നു.
വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. മൂക്കിന്റെ ഇടതുവശത്തെ എല്ലു പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. വലതുഭാഗത്തെ എല്ലും പൊട്ടി. മൂക്കിന്റെ പാലം വളയുകയും ചെയ് തതായി സിടി സ്കാന്‍ റിപ്പോര്‍ട്ടിലുണ്ട്.
ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് അറിയിച്ചു. തുടര്‍ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായാണ് ഐസിയുവിലേക്കു മാറ്റിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എംപിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
അതിനിടെ ഷാഫിയെ പോലീസ് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയ്ക്ക് അടിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ഷാഫിയുടെ തലയ്ക്ക് അടിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥന് നൊച്ചാട് സ്വദേശിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഷാഫിയുമായി പോലീസും സിപിഎം പ്രവര്‍ത്തകരും തര്‍ക്കിക്കുന്നതും പോലീസ് ലാത്തികൊണ്ട് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകം പ്രയോഗിച്ചപ്പോള്‍ ഉണ്ടായ സമ്മര്‍ദത്തില്‍ എംപിക്ക് പരിക്കേറ്റത് ആകാമെന്നുമാണ് റൂറല്‍ എസ്പി കെ.ഇ. ബൈജു മാധ്യമങ്ങളോടു പറഞ്ഞിരുന്നത്.