ശബരിമല സ്വര്‍ണപ്പാളി; മന്ത്രിയും ദേവസ്വവും കുറ്റക്കാരല്ല:വി.എന്‍. വാസവന്
Sunday, October 12, 2025 1:31 AM IST
റെജി ജോസഫ്
കോട്ടയം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഹൈക്കോടതി എടുത്ത എല്ലാ നടപടികളോടും സംസ്ഥാന സര്‍ക്കാരിനു പൂര്‍ണ യോജിപ്പാണെന്നു മാത്രമല്ല നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്.
സര്‍ക്കാരിനും കോടതിക്കും ഒരേ നിലപാടാണെന്നു മാത്രമല്ല ശബരിമലയില്‍നിന്നു തരി സ്വര്‍ണം കടത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊണ്ടുവരും. കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നതില്‍ തര്‍ക്കമില്ലെന്നും മന്ത്രി വി.എന്‍. വാസവന് ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
ബോര്‍ഡിനും സര്‍ക്കാരിനും വീഴ്ചയില്ലേ?
കോടതി നിര്‍ദേശത്തില്‍ ദേവസ്വം വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ ഒരിടത്തും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വീഴ്ച പറ്റിയതായി പരാമര്‍ശമില്ല. ദേവസ്വം ബോര്‍ഡ് ശാസ്ത്രവിധി പ്രകാരമേ സ്വര്‍ണപ്പാളി പുറത്തു കൊണ്ടുപോകാവൂ എന്നു നിഷ്കര്‍ഷിച്ചിരുന്നു. ഏജന്റിനെ ഇതില്‍ ഉള്‍പ്പെടുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ബോര്‍ഡ് തീരുമാനമെടുത്താല്‍ ബോര്‍ഡ് സെക്രട്ടറിയും ഉദ്യോഗസ്ഥരുമാണ് അത് നടപ്പാക്കുന്നത്. ബോര്‍ഡ് തീരുമാനത്തില്‍ തിരുത്തു വരുത്തി അനുമതി കൊടുത്തുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
2019 മാര്‍ച്ചിലാണ് ദ്വാരകപാലക ശില്പം കൊണ്ടുപോകുന്നത്. പ്രധാന തട്ട് 2019 ജൂലൈയില്‍ കൊണ്ടുപോയി. കൊണ്ടുപോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ അളവുതൂക്കം തിട്ടപ്പെടുത്തേണ്ടതായിരുന്നു. മഹസര്‍ തയാറാക്കി സെക്യൂരിറ്റി സംവിധാനത്തിലൂടെ കൊണ്ടുപോകുകയും തിരികെ വരുമ്പോള്‍ തിരുവാഭരണ കമ്മീഷണര്‍ തൂക്കം തിട്ടപ്പെടുത്തി വാങ്ങുകയും ചെയ്യണമായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായാണു വിജിലന്‍സ് കണ്ടെത്തല്‍.
അയ്യപ്പസംഗമവിരോധികളുടെ ആസൂത്രിത നീക്കമാണോ?
ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ചപ്പോള്‍ ഒരു കൂട്ടര് ഹൈക്കോടതിയില്‍ പോയെങ്കിലും കോടതി അനുമതി തന്നു. അവര്‍ സൂപ്രീംകോടതിയില്‍ പോയപ്പോള്‍ പരമോന്നതകോടതിയും വാദം തള്ളി അനുമതി മാത്രമല്ല മാര്‍ഗനിര്‍ദേശങ്ങളും തന്നു. അത് പൂര്‍ണമായി പാലിച്ചാണ് 1033 കോടിയുടെ വികസന മാസ്റ്റര്‍ പ്ലാന്‍ മൂന്നു പ്രധാന അജൻഡകളെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്തത്.
കോടതിയില്‍ പോയിട്ട് കാര്യമില്ലെന്നു കണ്ടപ്പോള്‍ അയ്യപ്പസംഗമം തകര്‍ക്കാന്‍ ഏറ്റവും ഒടുവില്‍ ഉപയോഗിക്കപ്പെട്ട വ്യക്തിയാകാം ഉണ്ണികൃഷ്ണന് പോറ്റി. സെപ്റ്റംബര്‍ 20നായിരുന്നു അയ്യപ്പസംഗമം. 11 നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ വെളിപ്പെടുത്തല്‍. സന്നിധാനത്തെ സ്വര്‍ണപ്പാളി കാണാനില്ലെന്ന വെളിപ്പെടുത്തലിനു പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നു. ഇതിനിടെ കോടതി സ്വമേധയാ കേസെടുക്കുകയും വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പിന്നാലെയാണ് സ്വര്‍ണപ്പാളി കാണാനില്ലെന്നു പറഞ്ഞ വ്യക്തിയുടെ വെഞ്ഞാറമൂട്ടിലുള്ള സഹോദരിയുടെ വീട്ടില്‍നിന്നും സ്വര്‍ണപ്പാളി വിജിലന്‍സ് കണ്ടെത്തിയത്. ആരോപണം ഉന്നയിച്ചയാളില്നിന്നുതന്നെ സ്വര്‍ണപ്പാളി കണ്ടെത്തിയപ്പോള്‍ ആരോപണം സദുദ്ദേശ്യപരമല്ലെന്ന് മനസിലാക്കാമല്ലോ. പോറ്റിയെ ഇതിലേക്ക് പ്രേരിപ്പിച്ചതില്‍ ബാഹ്യ ശക്തികളുണ്ടോ എന്നു സംശയിക്കണം.
മുന്‍ ദേവസ്വം പ്രസിഡന്റിന്റെകൂടി വീഴ്ചയല്ലേ?
മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെതിരേ ഒരു പരാമര്‍ശവും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലില്ല. യോഗദണ്ഡിലെ ചുറ്റ് മോശമായെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അതിനുള്ള സ്വര്‍ണം പത്മകുമാറിന്റെ നിര്‍ദേശത്തില്‍ മകന് ജയശങ്കര്‍ പത്മന് നേര്‍ച്ചയായി നല്‍കുകയായിരുന്നു. പുറത്തുകൊണ്ടുപോകാതെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശബരിമലയില്വച്ചു തന്നെയാണ് യോഗദണ്ഡില്‍ സ്വര്‍ണം ചുറ്റിയത്.
പത്മകുമാറിന്റെ പേരില്‍ ഒരു ചാര്‍ജുമില്ലാതെ എന്തു നടപടിയെടുക്കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ജാഗ്രത പുലര്‍ത്തിയതിനാലാണ് ശാസ്ത്ര വിധിപ്രകാരം കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചത്. ഉണ്ണികൃഷ്ണന് പോറ്റി ഏറെ വര്‍ഷങ്ങളായി ശബരിമലയിലെ ഒരു അവതാരമാണ്. ചന്ദനം ഉരുട്ടാന്‍ ശാന്തിമാരുടെ സഹശാന്തിയായി വന്നുകൂടിയതാണ്. അയാളെ നിലവിലെ ബോര്‍ഡോ മുന്‍ ബോര്‍ഡോ കൊണ്ടുവന്നതല്ല. 2019ലുണ്ടായ സംഭവത്തില്‍ 2024ല്‍ ദേവസ്വം വകുപ്പ് മന്ത്രിയായഎന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം എന്തിനെന്നു മനസിലാകുന്നില്ല.
കോടതി നിര്‍ദേശിച്ച അമിക്വസ്ക്യൂറി കെ.ടി. ശങ്കരന് ശബരിമലയില്‍ പോയി എല്ലാം വിശദമായി പരിശോധിക്കുകയാണ്. എല്ലാം അളന്നു തിട്ടപ്പെടുത്തി വിശദമായി പരിശോധിക്കും. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരിക മാത്രമല്ല തരി സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരികെയെത്തിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരു അവതാരങ്ങളെയും ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം മന്ത്രിയെന്ന നിലയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്യേണ്ടതല്ലേ?
കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണമാണ് നിലവിൽ നടക്കുന്നത്. കോടതി നിര്‍ദേശ പ്രകാരം പോറ്റിക്കെതിരേ കേസെടുത്തു. ഉടന്‍ എഫ്ഐആര്‍ ഇടും.
പിന്നാലെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരും. കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടക്കുമ്പോള്‍ മറിച്ചെന്തെങ്കിലും ചെയ്താല്‍ കോടതിയില്‍ വിശ്വാസമില്ലെന്ന് വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്.