ഫയൽ വൈകിച്ച സെക്ഷൻ ഓഫീസർക്ക് കർശന നിർദേശം നൽകി ലോകായുക്ത
Sunday, October 12, 2025 1:31 AM IST
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അംഗത്തിന്റെ ശന്പള നിർണയ ഫയൽ അകാരണമായി വൈകിച്ച ധനകാര്യ വകുപ്പ് സെക്ഷൻ ഓഫീസർ അൻവറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. ഒരു മാസത്തിനകം ഫയലിൽ തീരുമാനമെടുത്ത് റിപ്പോർട്ട് നൽകണമെന്ന കർശന നിർദേശവും ലോകായുക്ത നൽകി.
ലോകായുക്ത ജസ്റ്റീസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റീസ് വി. ഷെർസി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജി വീണ്ടും നവംബർ 13ന് പരിഗണിക്കും.
ട്രൈബ്യൂണൽ ജുഡീഷൽ അംഗവും മുൻ ജില്ലാ ജഡ്ജിയും ഹൈക്കോടതി രജിസ്ട്രാറുമായിരുന്ന പി.ജെ. വിൻസന്റ് ആയിരുന്നു പരാതിക്കാരൻ. അകാരണമായി ഫയൽ വൈകിച്ച് ഭരണ നിർവഹണ വീഴ്ച വരുത്തിയ സെക്ഷൻ ഓഫീസറെ ജോലിയിൽനിന്നു നീക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.
പി.ജെ. വിൻസന്റിനെ ട്രൈബ്യൂണൽ അംഗമായി നിയമിച്ചപ്പോൾ അദ്ദേഹത്തിന്റെ ശന്പളം നിർണയിച്ചു തരണമെന്ന ആവശ്യവുമായി ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റീസ് പി. സോമരാജൻ ധനകാര്യ വകുപ്പിന് കഴിഞ്ഞ മേയ് 27നു കത്തയച്ചിരുന്നു.
കഴിഞ്ഞ നാലു മാസമായിട്ടും ആ ഫയലിൽ തീരുമാനമെടുക്കാതെ അൻവർ വച്ചുതാമസിപ്പിക്കുകയായിരുന്നു. ഇതേ ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായ ഡോ. കുരുവിള തോമസിന്റെ ശന്പള നിർണയ ഫയലും ഇതുപോലെ വച്ചുതാമസിപ്പിച്ചപ്പോൾ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സന്പാദിക്കുകയായിരുന്നു.
അൻവറിനു പുറമെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് എതിർ കക്ഷികൾ. ഇവരോടും ലോകായുക്ത വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.