ഷാഫിക്കെതിരേയുള്ള ആക്രമണം ശബരിമല വിഷയം തിരിച്ചുവിടാൻ: കെ.സി. വേണുഗോപാൽ
Sunday, October 12, 2025 1:31 AM IST
തളിപ്പറന്പ്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസിനെ ഉപയോഗിച്ച് ആക്രമിച്ചത് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ട് രക്ഷപ്പെടാനുള്ള സർക്കാർ തന്ത്രത്തിന്റെ ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തളിപ്പറന്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തില്‍ ഒരു സംഭവസ്ഥലം സന്ദര്‍ശിച്ചാല്‍ ഇതാണ് അനുഭവം. ഇത് കാട്ടുനീതിയാണ്. ഇതെല്ലാം കണക്കിലെഴുതിവച്ചിട്ടുണ്ടെന്ന് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പോലീസുകാർ ഓർത്തുവയ്ക്കണം.
ഇത്രയും വലിയ ആക്രമണം ഉണ്ടായിട്ടും അതിനെ ന്യായീകരിക്കുന്ന സിപിഎം നിലപാട് നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറയുന്നതിന് തുല്യമാണ്. ശബരിമലയിലെ സ്വര്‍ണമോഷണത്തിലും ആദ്യം ഒന്നും സഭവിച്ചില്ലെന്നാണ് അവര്‍ പറഞ്ഞത്.
കോടതിയും മാധ്യമങ്ങളും അതിലെ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ എല്ലാത്തിനും ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കൈകഴുകുകയാണ്. സിപിഎമ്മിന്റെ തട്ടിപ്പ് കേരള ജനതയ്ക്ക് നന്നായിയറിയാമെന്നും വേണുഗോപാല്‍ പറഞ്ഞു.