അധ്യാപക നിയമനം: മുഖ്യമന്ത്രി നാളെ ചർച്ച നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി
Sunday, October 12, 2025 2:20 AM IST
ചങ്ങനാശേരി: ഭിന്നശേഷി സംവരണം മൂലം പ്രതിസന്ധിയിലായ അധ്യാപക നിയമന വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലുമായി സംഭാഷണം നടത്തിയ ശേഷമാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി നാളെ വിവിധ വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ചർച്ചയ്ക്കു ശേഷം വിവരം മാനേജ്മെന്റുകളെ അറിയിക്കും. പ്രശ്നം നാളത്തെ ചര്‍ച്ചയില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ച സൗഹാര്‍ദപരവും സ്നേഹനിര്‍ഭരവുമായിരുന്നു. സന്ദര്‍ശനത്തെ മറ്റു രീതിയില്‍ ചിത്രീകരിക്കേണ്ടതില്ല. തനിക്കു ബിഷപ്പുമാരുമായി നല്ല ബന്ധമാണുള്ളതെന്നു നിയമസഭയില്‍ പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവരും മന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. ഭിന്നശേഷി നിയമന വിഷയം സംബന്ധിച്ച് മാര്‍ തോമസ് തറയില്‍ തന്നെ നേരില്‍കണ്ട് സംസാരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
ശുഭപ്രതീക്ഷ: മാർ തോമസ് തറയിൽ
ഭിന്നശേഷി സംവരണ വിഷ യത്തിൽ പോസിറ്റീവായ നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്നതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു പ്രശ്നം പരിഹരിക്കുമെന്നുള്ളതും ഏറെ ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രതികരിച്ചു.
ആയിരക്കണക്കിന് അധ്യാപകര്‍ ശമ്പളമില്ലാതെ ദിവസവേതനത്തിനു ജോലി ചെയ്യുന്നുവെന്നത് ക്രൈസ്തവ സമൂഹത്തിന്റെ മാത്രം പ്രശ്നമല്ല. പൊതുസമൂഹത്തിന്റെ മുഴുവന്‍ പ്രശ്നമായാണ് ഈ വിഷയം കത്തോലിക്ക സഭ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയിട്ടുള്ളതെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
വിഷയം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും ചര്‍ച്ച നടത്തിവരികയായിരുന്നുവെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നും ജോസ് കെ. മാണി എംപിയും പറഞ്ഞു.