ശബരിമല സ്വർണക്കൊള്ള; കവർച്ചയടക്കം കേസ്, പോറ്റി മുഖ്യപ്രതി
Sunday, October 12, 2025 2:20 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തത്.
ദ്വാരപാലകശിൽപത്തിലെയും വാതിൽപ്പടിയിലെയും സ്വർണം കടത്തിയതിൽ വെവ്വേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് മുഖ്യപ്രതി. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ജീവനക്കാരും ഉൾപ്പെടെ പത്തു പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്.
കേസിന്റെ അന്വേഷണം ഉടൻ പ്രത്യേക സംഘത്തിനു കൈമാറും. ക്രൈംബ്രാഞ്ച് മേധാവിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. ആറാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും രണ്ടാഴ്ച കൂടുന്പോൾ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നുമാണ് കോടതി നിർദേശം.
ഈ പശ്ചാത്തലത്തിൽ അന്വേഷണം അതിവേഗം മുന്നോട്ടു കൊണ്ടു പോകാനും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് എത്രയും വേഗം കടക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.
സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ അതേ രീതിയിൽ തന്നെ ഉൾപ്പെടുത്തിക്കൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് തവണയായാണ് സ്വർണം കടത്തിയതെന്നാണ് കണ്ടെത്തൽ. ഇത് രണ്ട് സമയങ്ങളിലായതിനാലാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയത് 2019 മാർച്ചിലും വാതിൽപ്പാളിയിലെ സ്വർണം കടത്തിയത് 2019 ഓഗസ്റ്റിലുമാണ്.അതിനാൽതന്നെ രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥർ കേസിൽ പ്രതികളാകും.
രണ്ട് സംഭവങ്ങളിലും അന്വേഷണം വെവ്വേറെ നടക്കും. ദേവസ്വം ബോർഡ് വിജിലൻസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ദേവസ്വം ബോർഡിലെ ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സംഭ വത്തിൽ ഉദ്യോഗസ്ഥരുടെ ചുമതലകൾ, അവർ വരുത്തിയ വീഴ്ചകൾ എന്നിവയെല്ലാം പരിശോധിക്കപ്പെടും.
അതേസമയം കാണാതായ സ്വർണത്തിന്റെ അളവ് ഇനിയും കൂടിയേക്കാമെന്നാണ് നിഗമനം. ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണമാണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് വിജിലൻസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, യുബി ഗ്രൂപ്പ് 1998 ൽ നൽകിയ സ്വർണത്തിൽ നിന്ന ദ്വാരപാലക ശിൽപം പൊതിയാൻ ഒന്നര കിലോ സ്വർണം ഉപയോഗിച്ചെന്നാണ് വിവരം. എന്നാൽ 2019ൽ ചെന്നൈയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശിൽപങ്ങളിൽനിന്നും കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം സ്വർണമെന്നാണ്. സ്വർണത്തിന്റെ അളവിലെ ഈ പൊരുത്തക്കേടുകളിലുൾപ്പെടെ വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘം തയാറെടുക്കുന്നത്.
ശബരിമലയിൽ സ്ട്രോംഗ് റൂം പരിശോധന തുടങ്ങി
പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശ പ്രകാരം റിട്ട. ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സ്ട്രോംഗ് റൂമിൽ പരിശോധന തുടങ്ങി. വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിനു രേഖകളില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന.
സ്ട്രോംഗ് റൂം മഹസര്‍ രേഖകള്‍ ഓഡിറ്റ് വിഭാഗം പരിശോധിച്ചു. മഹസർ പ്രകാരമുള്ള സാധനങ്ങൾ സ്ട്രോംഗ് റൂമിലുണ്ടോയെന്നു സംഘം പരിശോധിച്ചു. സാധനങ്ങളുടെ പട്ടികയും തയാറാക്കി. പരിശോധനകൾ ഇന്നും തുടരും. സ്വര്‍ണപ്പാളി പരിശോധന ഇന്നാകും.
ജസ്റ്റീസ് കെ.ടി. ശങ്കരനെ കൂടാതെ ശബരിമല സ്പെഷല്‍ കമ്മീഷണർ ജില്ലാ ജഡ്ജി ആർ. ജയകൃഷ്ണനും ദേവസ്വത്തിലെ പ്രധാനപ്പെട്ട ആറ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. പരിശോധനാ സമയത്ത് മാധ്യമങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും ശബരിമല സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല.
വഴിപാടായി കിട്ടുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണ് ചട്ടം. ക്ഷേത്രം ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുകയോ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
2017 മുതല്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമില്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തി, പൊരുത്തക്കേടുണ്ടായാല്‍ സ്വര്‍ണം തൂക്കി നോക്കുന്നത് ഉള്‍പ്പെടെയുള്ള പരിശോധനകൾ സംഘം നടത്തുമെന്നാണ് സൂചന. നാളെ രാവിലെ മുതല്‍ ആറന്മുള ക്ഷേത്രത്തിലും സംഘം പരിശോധന നടത്തും.