ക്രൈസ്തവ അധിക്ഷേപം; ഹാല് സിനിമയ്ക്കെതിരേ വിമർശനം കടുക്കുന്നു
Sunday, October 12, 2025 1:31 AM IST
കൊച്ചി: ഷെയ്ന് നിഗം നായകനായ ഹാല് എന്ന സിനിമ, പരിശോധിച്ച സെൻസർ ബോർഡ് പ്രദർശനാനുമതിക്കു മുന്‍പ് റിവൈസിംഗ് കമ്മിറ്റിക്കു വിട്ടതു, ഗൗരവമായ പ്രശ്നങ്ങളുടെ പേരിലെന്നു സൂചന.
സംഘപരിവാർ സംഘടനകളെയും ഹൈന്ദവാചാരങ്ങളെയും മോശമാക്കി ചിത്രീകരിക്കുന്നു എന്നതിനപ്പുറമുള്ള ആരോപണങ്ങളാണ് സിനിമയ്ക്കുനേരേ ഉയരുന്നത്. മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ സിനിമയിൽ ഒഴിവാക്കണമെന്ന നിർദേശമാണ് റിവൈസിംഗ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്.
പ്രണയക്കെണി എന്നൊന്നില്ലെന്നു സ്ഥാപിക്കാനുള്ള ശ്രമം സിനിമയിലുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രത്യേക വിഭാഗത്തിലെ യുവാക്കൾ മറ്റു മതസ്ഥരായ പെൺകുട്ടികളെ പ്രണയിക്കുന്നത് സ്വാഭാവികം മാത്രമാണ്. മാതാപിതാക്കൾപോലും വ്യക്തിപരമായി ഇങ്ങനെയുള്ള പ്രേമബന്ധങ്ങളെ അനുകൂലിക്കുന്നു. ക്രൈസ്തവസഭയും സമുദായവുമാണ് ഇക്കാര്യത്തിൽ പ്രണയക്കെണി ചൂണ്ടിക്കാട്ടി പ്രശ്നം സൃഷ്ടിക്കുന്നതെന്നു സ്ഥാപിക്കാൻ സിനിമ ശ്രമിക്കുന്നുണ്ടെന്നു ചിത്രത്തിന്റെ ഉള്ളടക്കം നിരീക്ഷിച്ചവർ ചൂണ്ടിക്കാട്ടുന്നു.
പ്രണയക്കെണിക്കെതിരേ ശക്തമായി പ്രതികരിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്ത ഒരു രൂപതയുടെ അധികാരിയെ സിനിമയിൽ കഥാപാത്രമായി കൊണ്ടുവന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കണം. പ്രണയിക്കുന്ന മനസുകളെ തമ്മിൽ അകറ്റുന്നത് ശരിയല്ലെന്ന് പെൺകുട്ടിയുടെ പിതാവിനോട് പറയിപ്പിക്കുന്ന ഒരു സാഹചര്യം സിനിമയിൽ സൃഷ്ടിച്ച് ഇവിടെ പ്രണയക്കെണിയില്ല എന്നു സമർഥിക്കാനാണ് ശ്രമം.
ഇതരമതസ്ഥരുമായുള്ള പ്രണയവിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ ക്രിസ്ത്യൻ ബിഷപ് ശ്രമിക്കുന്നതായുള്ള സിനിമയിലെ ആഖ്യാനത്തിനു പിന്നിൽ തെറ്റിദ്ധാരണ പരത്തുകയെന്ന നിക്ഷിപ്ത താത്പര്യമുണ്ട്. ഹിന്ദു യുവാക്കളെ അവരുടെ കുടുംബ തൊഴിലിന്റെ പേരിൽ അപമാനിക്കുന്ന രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വിഭാഗമൊഴികെ മറ്റ് വിഭാഗത്തിലെ കഥാപാത്രങ്ങളെ മദ്യപാനികളായി ചിത്രീകരിക്കുന്നതും വ്യക്തിപരമായി ക്രിസ്തീയ വിശ്വാസത്തിന് വലിയ പ്രാധാന്യം നൽകുന്ന കലാകാരനെ സിനിമയിലെ പ്രധാന കഥാപാത്രമാക്കുകയും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ സിനിമയിലെ പ്രണയ വിവാഹത്തെ മഹത്വവത്കരിക്കാനുള്ള ശ്രമവും ആസൂത്രിതമാണെന്ന ആരോപണവും ശക്തമാണ്.
വ്യക്തിയല്ല പ്രശ്നം ഇട്ടിരിക്കുന്ന വൈദിക വേഷമാണെന്ന ഒരു കഥാപാത്രത്തിന്റെ സംഭാഷണം പൗരോഹിത്യത്തിനുനേരേയുള്ള അവഹേളനശ്രമമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ജെവിജെ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിച്ച ഹാല് എന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന് മുഹമ്മദ് റഫീഖ് എന്നിവര്‍ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സിനിമയിലെ ചില ദൃശ്യ ഭാഗങ്ങളും വാചകങ്ങളും നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.