ലൈഫ് മിഷന് കേസില്‍ സിപിഎം- ബിജെപി ഡീലെന്ന് അനില്‍ അക്കര
Sunday, October 12, 2025 2:20 AM IST
കോഴിക്കോട്: ലൈഫ് മിഷന് ഭവന പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനെ പ്രതിയാക്കാതിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.
ഡീല്‍ നടന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഡല്‍ഹിയിലെ കേരള ഹൗസില്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസും തമ്മില്‍ നടന്ന കൂടക്കാഴ്ചയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു നേട്ടങ്ങളാണ് ഈ ഡീല്‍ കൊണ്ട് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മകനെ ഇഡിയുടെ കേസില്‍നിന്ന് ഒഴിവാക്കി രക്ഷപ്പെടുത്തി കൊടുത്തതാണ് ഒന്ന്. മറ്റൊന്നാണ് ഡീലിന്റെ പ്രൊഡക്ടായി തൃശൂരില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലൈഫ്മിഷന് കേസില്‍ പ്രതിസ്ഥാനത്തുവരേണ്ട ആളാണ് വിവേക് കിരണ്‍. കേസ് അന്വഷണവുമായി ബന്ധപ്പെട്ട് ഇഡി 2023ല്‍ നോട്ടീസ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ല. നോട്ടീസ് അയച്ചത് കണ്ണൂരിലെ വീട്ടിലേക്കല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ്. ഇതു ഗൗരവമായ കാര്യമാണ്.
എന്തുകൊണ്ടാണ് വിവേക് ഹാജരാകാതിരുന്നതെന്ന് രണ്ടു പേര്‍ക്കാണ് മറുപടി പറയാന്‍ കഴിയുക. മുഖ്യമന്ത്രി പിണറായിക്കും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും. രണ്ടു പേരും ഇക്കാര്യത്തില്‍ പ്രതികരിക്കണം. ഗുരുതരമായ അഴിമതിയാണ് ലൈഫ് മിഷനില്‍ നടന്നത്.
കേരളത്തിലുണ്ടായ പ്രളയത്തിന് സഹായിക്കാന്‍ യുഎഇയിലെയും അബുദാബിയിലെയും ഇസ്ലാമിക് ബാങ്കുകള്‍ ആയിരക്കണക്കിനു കോടി രൂപയാണ് പിരിച്ചെടുത്തത്. ആദ്യപടിയായി 20 കോടിരൂപ വടക്കാഞ്ചേരിയിലെ ലൈഫ്മിഷന് പ്രോജക്ടിനു നല്കി.
സ്വപ്ന സുരേഷ് അടക്കമുള്ളവായിരുന്നു ഇടനിലക്കാര്‍. കമ്മീഷന് അടിച്ചുമാറ്റുകയായിരുന്നു ലക്ഷ്യം. ആയിരം കോടി പിരിക്കുന്നതിന്റെ മുന്നോടിയായി പിആര്‍ വര്‍ക്കിനു സര്‍ക്കാറിനുവേണ്ടി പോയത് സ്പെഷല്‍ ഓഫീസര്‍ നൂഹും അനൗദ്യേഗിക അംഗമായി പോയത് വിവേക് കിരണുമാണ്.
ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെപ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അറസ്റ്റിലായി. ഒരു വര്‍ഷം ജയിലില്‍ കിടന്നു. അന്ന് ഇഡി നോട്ടീസിന്മേല് ഹാജരായിരുന്നുവെങ്കില്‍ വിവേക് കിരണും ജയിലില്‍ കഴിയേണ്ടിവരുമായിരുന്നുവെന്ന് അനില്‍അക്കര പറഞ്ഞു.
വിവേകുമായി ബന്ധപ്പെട്ട വിവരം പുറത്തുപറഞ്ഞ സ്വപ്ന സുരേഷിനെ ഇപ്പോള്‍ കാണാനില്ല. കേസില്‍ നാലാം പ്രതിയായ ഈജിപ്ഷ്യന്‍ പൗരന് ഖാലിദിനെയും കാണാനില്ല. തിരുവന്തപുരത്തു നിന്നുപോയ ശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ല. ഇഡിയും സിബിഐയും ഇന്റര്‍പോളും അന്വേഷിച്ചിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.