കാർ ബസിലിടിച്ച് ഒരാൾ മരിച്ചു; എട്ടു പേർക്ക് പരിക്ക്
Sunday, October 12, 2025 1:31 AM IST
മാഹി: തലശേരി-കോഴിക്കോട് ദേശീയപാതയിൽ പുന്നോൽ ഉസൻമൊട്ടയിൽ കാർ നിയന്ത്രണം വിട്ട് ബസിലിടിച്ച് ഒരാൾ മരിച്ചു. ബസ് യാത്രക്കാരനുൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. വായാട്ടുപറന്പ് സ്വദേശി മണ്ണൂർ ഷാജി ജോസഫ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു അപകടം.
കരിപ്പുർ വിമാനത്താവളത്തിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ തലശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലിടിക്കുകയായിരുന്നു. ഒമാനിൽനിന്ന് കരിപ്പുർ വിമാനത്താവളത്തിലെത്തിയ സുഹൃത്ത് രതീഷിനെ കൂട്ടിക്കൊണ്ടുവരാൻ വാഹനവുമായി പോയതായിരുന്നു ഷാജി ജോസഫ്.
കാർ ഓടിച്ചിരുന്ന രതീഷ്, ഭാര്യ സജിത, ബന്ധുക്കളായ ദേവി, ദേവപ്രിയ, ലക്ഷ്മിപ്രിയ, സതീശൻ, കാർത്തിക ബസ് യാത്രക്കാരനായ സാദത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണംവിട്ടു വരുന്നത് കണ്ട ബസ് ഡ്രൈവർ പരമാവധി വെട്ടിച്ചെങ്കിലും ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം കറങ്ങിയ കാർ എതിർദിശയിലേക്ക് പോകുന്ന രീതിയിലാണ് നിന്നത്. നാട്ടുകാർ ഉടൻതന്നെ കാറിലുള്ളവരെ പുറത്തെടുത്തത്ത് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതുവശത്തെ മുൻസീറ്റിൽ കുടുങ്ങിക്കിടന്ന ഷാജി ജോസഫിനെ പുറത്തെടുക്കാനായില്ല.
മുൻവശത്തെ ഡോർ തുറക്കാനാകാത്ത നിലയിലായിരുന്നു. തലശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കാർ വെട്ടിപ്പൊളിച്ചാണ് ഷാജിയെ പുറത്തെടുത്തത്. ഉടൻതന്നെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാക്സി, പിക്കപ്പ് വാഹനങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഷാജി.
പരേതരായ ജോസഫ്-മേരി ദന്പതികളുടെ മകനാണ്. മണ്ടളം കടുപ്പിൽ കുടുംബാംഗമായ ജിഷിയാണ് ഭാര്യ. മക്കൾ ഷാരോൺ (എംസിഎ വിദ്യാർഥി, തിരുവല്ല), ഷിയോൺ (വിദ്യാർഥി, സെന്റ് ജോസഫ്സ് യുപി സ്കൂൾ വായാട്ടുപറന്പ്).