രാജ്യ സുരക്ഷയ്ക്കായി സൂയിസൈഡ് ഡ്രോണുകള്‍
Sunday, October 12, 2025 1:31 AM IST
കൊച്ചി: മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന അക്രമകാരികളായ ഡ്രോണുകള്‍.
ഇത് അതിര്‍ത്തിയില്‍ സൂയിസൈഡ് ഡ്രോണുകളായി ഉപയോഗിക്കാം, മിസൈലുകളെക്കാളും ചെലവു കുറഞ്ഞ രീതിയില്‍ ഇത് യുദ്ധത്തിനും ഉപയോഗിക്കാം- ഇന്ത്യന്‍ മിലിട്ടറിയുടെ കൈവശമുള്ള ഡ്രോണുകള്‍ക്കൊപ്പം കിടപിടിക്കാവുന്ന ഡ്രോണുകള്‍ ഒരുക്കിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ ഡ്രോണ്‍ റൈസസ് കേരളയ്ക്ക് കീഴിലുള്ള ഫ്ലൈടെക്, യുഎവി സ്റ്റോര്‍ എന്നീ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പുകള്‍. കൊക്കൂണ്‍ 2025ന്റെ ഭാഗമായി നടത്തിയ ഡ്രോണ്ഷോയിലെ മുഖ്യ ആകര്‍ഷണവും ഇവരുടേതായിരുന്നു.
നിലവില്‍ കേരളത്തില്‍ ഡ്രോണ്‍ റൈസിംഗ്, സിനിമാട്ടോഗ്രഫി, എയര്ഷോ എന്നിവടങ്ങളിലാണ് ഉപയോഗിക്കുന്നത്. ഫ്ലൈടെക്കിന്റെ സിഇഒ ആയ കാര്‍ത്തിക്കിന്റെയും ഡയറക്ടറായ മോസസിന്റെയും കീഴിയില്‍ 100 പേരടങ്ങിയ കമ്യൂണിറ്റിയാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്.
ഡ്രോണുകള്‍ ദീര്‍ഘ നേരം കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പരീക്ഷണവും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇനിയും ഒരു യുദ്ധ സാഹചര്യം വന്നാല്‍ രാജ്യത്തിനുവേണ്ടി സൂയിസൈഡ് ഡ്രോണുകള്‍ നല്കാന് തയാറാണെന്ന് ഇരുവരും പറയുന്നു.