ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം ; മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം
Sunday, October 12, 2025 1:31 AM IST
കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചിയിൽ വ്യാപക പ്രതിഷേധം.
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാനവ്യാപകമായി നടന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ജില്ലയിലും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചത്.
പ്രതിഷേധസാധ്യത കണക്കിലെടുത്ത് കൊച്ചി നഗരത്തിലെ പ്രധാന ഇടങ്ങളിലും മുഖ്യമന്ത്രിയുടെ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന റൂട്ട് അടക്കം വെളിപ്പെടുത്താതെ മുന്‍കരുതലോടെ ആയിരുന്നു പോലീസിന്റെ നീക്കവും.
പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ട്രെയിന്‍ വൈകിയതോടെ പ്ലാറ്റ്ഫോമില്‍ കാത്തിരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
മട്ടാഞ്ചേരി വാട്ടര്‍മെട്രോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രി വൈപ്പിന്‍ റോ റോ വഴി എത്തുമെന്നറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പായി കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷമാണ് പ്രതിഷേധക്കാരെ വിട്ടയച്ചത്. എന്‍.ആര്. ശ്രീകുമാര്‍, പി.പി. ജേക്കബ്, വി.എഫ്. എണസ്റ്റ്, എം.എച്ച്. ഹരേഷ്, സി.എക്സ്. ജൂഡ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തോപ്പുംപടി ചുള്ളിക്കലില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനല്‍ ഈസയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ദേഹത്ത് കരി ഓയില്‍ ഒഴിച്ച് വ്യത്യസ്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.
മുഖ്യമന്ത്രി മട്ടാഞ്ചേരിയിലേക്ക് തോപ്പുംപടി വഴി എത്തുമെന്ന് കരുതിയാണ് പ്രവര്‍ത്തകര്‍ ചുള്ളിക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നീട് പോലിസ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. സനല്‍ ഈസ, റിഫാസ്, ഷമീര്‍ വളവത്ത്, ആര്. ബഷീര്‍, അഷ്ക്കര്‍ ബാബു എന്നിവരെ തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരിയിലെ പരിപാടിക്കുശേഷം എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് എത്തുന്നതിനിടെ സെന്റ് തേരേസാസ് കോളജിനു സമീപത്തുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.