കൈക്കൂലി: നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്പെൻഷൻ
Sunday, October 12, 2025 1:31 AM IST
മറയൂർ: സഞ്ചാരികളിൽനിന്നു 90,000 രൂപയും മൊബൈൽ ഫോണും കൈക്കൂലി വാങ്ങിയ സംഭവത്തിൽ മറയൂരിലെ നാല് എക്സൈസ് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ കൃഷ്ണൻ, ശരത്ത്കുമാർ, എ. ഷാനു, ദിവ്യ ഉണ്ണി എന്നിവരെയാണ് കേരള സിവിൽ സർവീസ് ചട്ടപ്രകാരം സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കിഷോർ കുമാറിനെയും സിവിൽ എക്സൈസ് ഓഫീസർ അരുണിനെയും ഒരു മാസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.
കൊല്ലം ജില്ലയിലെ നെടുങ്ങോലം സ്വദേശി അബനീതിന്റെ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റ് നാലിനു മൂന്നാറിൽനിന്ന് കാന്തല്ലൂരിലേക്ക് പോകുകയായിരുന്ന അബനീതിനെയും സുഹൃത്തുക്കളെയും മദ്യപിച്ചെന്ന് ആരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരുടെ കാർ പരിശോധിച്ചതിൽ കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്നും റിമാൻഡ് ഒഴിവാക്കാൻ ഒരു ലക്ഷം രൂപ വേണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത രണ്ടുപേരുമായി മറയൂർ ടൗണിലെത്തി എടിഎമ്മിൽനിന്ന് 90,000 രൂപ ഉദ്യോഗസ്ഥർ കൈക്കലാക്കി. വിജിലൻസ് അന്വേഷണത്തിൽ ആരോപണങ്ങൾ ശരിവച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.