ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
Sunday, October 12, 2025 1:31 AM IST
പാലക്കാട്: ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. കാട്ടുകുളം സ്രാന്പിക്കൽ വീട്ടിൽ വൈഷ്ണവി (26) യാണ് മരിച്ചത്. ഭർത്താവ് ദീക്ഷിതി (26) നെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വൈഷ്ണവിക്കു ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നുപറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം ദീക്ഷിത് വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. മരണത്തിൽ സംശയം ബലപ്പെട്ടതോടെ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. തുടർന്ന് വെള്ളിയാഴ്ച രാത്രിതന്നെ ദീക്ഷിതിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചോദ്യംചെയ്യലിൽ താൻതന്നെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് ദീക്ഷിത് സമ്മതിച്ചു. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാർ, ശ്രീകൃഷ്ണപുരം സിഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഫോറൻസിക്, വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ദാന്പത്യപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് നൽകുന്ന വിവരം.
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. ഒന്നര വർഷം മുന്പായിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം.