മുനമ്പം ജനതയ്ക്ക് പൂര്‍ണ അവകാശം പുനഃസ്ഥാപിച്ചു നല്‍കണം: വി.ഡി. സതീശൻ
Sunday, October 12, 2025 2:20 AM IST
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുനമ്പത്തെ ഭൂമിയില്‍ താമസക്കാര്‍ക്ക് അവകാശമുമുണ്ടെന്നും അവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കണമെന്നുമാണ് പ്രതിപക്ഷവും മുസ്ലീം- ക്രൈസ്തവ സംഘടനകളും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത്. 1950ലെ ഭൂമി കൈമാറ്റരേഖകള്‍ അനുസരിച്ച് ഫാറൂഖ് കോളജ് മാനേജ്മെന്റിന് നല്കിയ ഭൂമി വഖഫ് അല്ലെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പത്ത് പ്രശ്നമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും അവര്‍ നിയോഗിച്ച വഖഫ് ബോര്‍ഡുമാണ്. ഭൂമി കൈമാറി 69 വര്‍ഷത്തിനു ശേഷം 2019ല്‍ വഖഫാണെന്നു പ്രഖ്യാപിച്ച സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടി ഏകപക്ഷീയമാണെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് ട്രിബ്യൂണലിനെ അസ്ഥിരപ്പെടുത്തി ഭൂപ്രശ്നം നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാരിന്റെ കള്ളക്കളി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനഃസ്ഥാപിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തെ താമസക്കാരില്‍നിന്നു നികുതി സ്വീകരിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.