ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവു മരിച്ചു
Sunday, October 12, 2025 1:31 AM IST
തൊടുപുഴ: വണ്ണപ്പുറം കോട്ടപ്പാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടി മഠത്തേടത്ത് ശ്യാംകുമാറിന്റെ മകൻ ശ്രീജിത്ത് (27) ആണ് മരിച്ചത്.
ഇസാഫ് ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജരായിരുന്നു ശ്രീജിത്ത്. ആലുവ മുപ്പത്തടം പറക്കാട്ട് വിഷ്ണു (28) വിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ കോട്ടപ്പാറ വ്യൂ പോയിന്റ് സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാക്കൾ.
വ്യൂ പോയിന്റിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നോടെ മടങ്ങുന്നതിനിടെ വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡിലെ കോട്ടപ്പാറ ക്ഷേത്രത്തിനു സമീപത്തെ വളവിൽനിന്നും ബൈക്ക് നിയന്ത്രണംവിട്ട് താഴേക്കു പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാളിയാർ പോലീസും നാട്ടുകാരും ചേർന്നാണ് ഇരുവരെയും റോഡിലേക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അമ്മ ജയശ്രീ. സഹോദരി: ശ്രീവിദ്യ.