ഇഡി സമൻസ് എന്തിനെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം: വി.ഡി. സതീശൻ
Sunday, October 12, 2025 1:31 AM IST
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മകനു സമൻസ് അയച്ചത് എന്തിനാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
സമൻസ് അയച്ച ശേഷം എന്തുകൊണ്ടാണ് തുടർനടപടികൾ സ്വീകരിക്കാതിരുന്നതെന്നും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൻസ് അയച്ച വിവരം ഇഡിയും മുഖ്യമന്ത്രിയും സിപിഎമ്മും രണ്ടു വർഷത്തോളം മറച്ചുവച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സമൻസ് അയച്ചതിനു ശേഷം ഒരു നടപടിയും സ്വീകരിച്ചതായും അറിയില്ല. എന്തുകൊണ്ടാണ് ഒരു സമൻസിൽ നടപടി അവസാനിപ്പിച്ചത്. സിപിഎം- ബിജെപി ബാന്ധവത്തിന്റെ ഉദാഹരണമാണോ ഇതെന്ന് സതീശൻ ചോദിച്ചു.
ഈ സംഭവത്തിനു ശേഷമാണ് എഡിജിപിയായിരുന്ന അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയതും തൃശൂർ പൂരം കലക്കിയെന്ന ആരോപണം ഉയർന്നതും ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയെ സഹായിച്ചെന്നുള്ള ആരോപണം വന്നതും.
എല്ലാം സെറ്റിൽമെന്റായിരുന്നു എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാം. യഥാർഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു.