പ്രഫഷണലുകള്‍ മടങ്ങിയെത്തുന്നത് വളര്ച്ചാസൂചനയെന്ന് മന്ത്രി പി. രാജീവ്
Sunday, October 12, 2025 1:31 AM IST
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രഫഷണലുകള്‍ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് മന്ത്രി പി. രാജീവ്.
ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ ഇവിടെ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു. എഫ്9 ഇന്‍ഫോടെക് സംഘടിപ്പിച്ച കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി 2025ന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ 40,000 പ്രഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ലിങ്ക്ഡ്ഇന്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇന്‍ഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനത്തെ മന്ത്രി പ്രശംസിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹകരണത്തോടെയാണ് കെസിഎസ്എസ് 2025 സംഘടിപ്പിച്ചത്.