തൃക്കണ്ണാട് ക്ഷേത്രത്തിലും സ്വർണനഷ്ടം ; 13 വർഷമായിട്ടും നടപടിയെടുക്കാതെ മലബാർ ദേവസ്വം ബോർഡ്
Sunday, October 12, 2025 1:31 AM IST
ബേക്കൽ: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നായ ബേക്കൽ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണം നഷ്ടമായി. 2011-12 വർഷം നടത്തിയ ഓഡിറ്റിലാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ 14.67 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഇത് സ്വർണമായോ പണമായോ തിരിച്ചടയ്ക്കാമെന്ന് ആ സമയത്തെ എക്സിക്യുട്ടീവ് ഓഫീസർ സമ്മതിച്ചിരുന്നു. എന്നാൽ 13 വർഷം കഴിഞ്ഞിട്ടും സ്വർണമോ പണമോ തിരിച്ചടച്ചില്ല. നഷ്ടപ്പെട്ട സ്വർണത്തിന്റെ വിപണിവില തിരിച്ചടയ്ക്കണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരേ ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ക്ഷേത്രത്തിൽ കാണിക്കയായി ലഭിക്കുന്ന സ്വർണം രജിസ്റ്ററിൽ ചേർത്തശേഷം ദേവസ്വം ബോർഡിന്റെ അംഗീകാരമുള്ള അപ്രൈസർമാർ പരിശോധിച്ച് യഥാർഥ സ്വർണമാണെന്ന് ഉറപ്പുവരുത്തുകയും അളവും തൂക്കവും രേഖപ്പെടുത്തുകയും ചെയ്ത് ദേവസ്വത്തിന്റെ കസ്റ്റഡിയിൽ പ്രത്യേകം സൂക്ഷിക്കണമെന്നാണ് നിയമം.
മിക്കപ്പോഴും എക്സിക്യൂട്ടീവ് ഓഫീസർമാർ മാറുമ്പോഴാണ് കസ്റ്റഡിയിലുള്ള സ്വർണത്തിന്റെയും പണത്തിന്റെയും അളവ് പരിശോധിക്കുന്നത്. ഇത്തരത്തിൽ തൃക്കണ്ണാട് ക്ഷേത്രത്തിൽ 2011-12 വർഷം പുതിയ എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേറ്റ സമയത്താണ് സ്വർണത്തിന്റെ അളവിൽ കുറവ് കണ്ടെത്തുകയും ഓഡിറ്റിംഗ് നടത്തുകയും ചെയ്തത്.
ക്ഷേത്രത്തിൽനിന്ന് നഷ്ടപ്പെട്ട സ്വർണം 13 വർഷം കഴിഞ്ഞിട്ടും തിരികെയെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കണ്ണാട് ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി നാലുമാസം മുമ്പ് ദേവസ്വം കമ്മീഷണർക്ക് പരാതി സമർപ്പിച്ചതോടെയാണ് പ്രശ്നം വീണ്ടും ചൂടുപിടിച്ചത്.
പ്രശ്നം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പെട്ടെന്ന് നടപടികളൊന്നും എടുക്കാനാവില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് എന്നാണ് സൂചന. എന്നാൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരായ കൃത്യമായ തെളിവുകളടങ്ങുന്ന റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ആരോപണവിധേയനായ എക്സിക്യൂട്ടീവ് ഓഫീസർ ഇതിനുശേഷം പയ്യന്നൂർ, നീലേശ്വരം, കുമ്പള, വേളം തുടങ്ങി മലബാർ ദേവസ്വം ബോർഡിനു കീഴിൽ മികച്ച നടവരവുള്ള മറ്റു ക്ഷേത്രങ്ങളിലും ജോലിചെയ്തിരുന്നു.