സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ സ്കൂട്ടർ ഇടിച്ചുകയറി വിദ്യാർഥിക്കു പരിക്ക്
Sunday, October 12, 2025 1:31 AM IST
പാലക്കാട്: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന സൈക്ലിംഗ് മത്സരത്തിനിടെ അപകടം. മലന്പുഴ 100 ഫീറ്റ് റോഡിൽ നടന്ന സൈക്ലിംഗ് (അണ്ടർ 19 ആണ്, പെണ്) മത്സരത്തിനിടെയാണ് അപകടം.
മത്സരാർഥിയുടെ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മത്സരാർഥിയെ ജില്ലാ ആശുപത്രിയിൽ ചികിത്സനൽകി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്കൂട്ടർ യാത്രികനും അദ്ഭുതകരമായി രക്ഷപ്പെട്ടു.
സ്കൂൾ ഗെയിംസ് സംഘാടനത്തിൽ വൻപിഴവാണ് സംഭവിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രാവിലെ ആറുമുതൽ 9.30 വരെ നിശ്ചയിച്ച മത്സരം ആരംഭിച്ചത് ഏറെ വൈകിയാണ്. ആറിനു തുടങ്ങേണ്ട മത്സരം തുടങ്ങിയതുതന്നെ 8.30ന്. പോലീസിനു മത്സരത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങളും നൽകിയില്ല. തിരക്കുള്ള റോഡിൽ മത്സരം നടക്കുന്പോൾ വാഹനം തടയണമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു.
അപകടത്തിനുപിന്നാലെ വിദ്യാഭ്യാസവകുപ്പ് അധികൃതർ മത്സരം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നായി 60 വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങൾ വെള്ളിയാഴ്ചയാണ് പാലക്കാട് ആരംഭിച്ചത്. ഫുട്ബോൾ, സൈക്ലിംഗ്, റോളർസ്കേറ്റിംഗ്, കബഡി മത്സരങ്ങളാണ് മൂന്നു ദിവസമായി നടക്കുന്നത്. മത്സരങ്ങൾ ഇന്നു സമാപിക്കും.