ക്വാറികളും വീടുകളും തമ്മില്‍ 150 മീറ്റര്‍ അകലം വേണമെന്ന് കേന്ദ്രനിര്‍ദേശം
Sunday, October 12, 2025 1:31 AM IST
റെജി ജോസഫ്
കോട്ടയം: ക്വാറികള്‍ നടത്താന്‍ ജനവാസമേഖലയിലെ വീടുകളില്‍നിന്ന് 150 മീറ്റര്‍ അകലം വേണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് നിയമിച്ച സമിതിയാണ് നിലവിലെ 50 മീറ്റര്‍ അകലം സുരക്ഷിതമല്ലെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. വീടുകള്കളില്നിന്ന് 150 മീറ്റര്‍ മാറിയേ ക്വാറികളില്‍ സ്ഫോടനം നടത്താവൂ എന്നും സമിതി പറയുന്നു.
പാറമടയ്ക്ക് ലൈസന്‍സ് നല്‍കുന്നത് പാറ അപ്പാടെ പൊട്ടിച്ചു വില്‍ക്കാമെന്ന അനുമതിയോടെയല്ല. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് പാറമട ഉടമയുടെ ഉത്തരവാദിത്വമാണ്. എല്ലാവിധ സുരക്ഷയും ഉറപ്പാക്കി മാത്രമേ ക്വാറികളില്‍ പാറ പൊട്ടിക്കാവൂ.
ക്വാറികളിലെ സൂപ്പര്‍വൈസര്‍മാര്‍ മൈനിംഗ് എന്ജിനിയര്മാരില്നിന്ന് സുരക്ഷാ വിവരങ്ങള്‍ ആരായണം. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ക്വാറികളില്‍ തുടരെ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
സുരക്ഷാ അകലം 50 മീറ്ററില്‍ നിന്ന് 150 മീറ്റര്‍ ആക്കാനുള്ള കേന്ദ്ര നിര്‍ദേശത്തോട് സംസ്ഥാന സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് 650 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.
സ്ഫോടനവേളയിലെ പ്രകമ്പനം, പൊടിപടലം, ശബ്ദം, കരിങ്കല്‍ തെറിച്ചു വീണ്ടുണ്ടാവുന്ന അപകടം എന്നീ നാല് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിദഗ്ധ സമിതി നിഗമനത്തിലെത്തിയത്.
മുന്‍പ് സംസ്ഥാനത്ത് ജനവാസമേഖലയില്‍ ക്വാറികള്‍ക്ക് ദൂരപരിധി നൂറു മീറ്ററായിരുന്നു. 2015-ല്‍ ശാസ്ത്രീയ പഠനം കൂടാതെയാണ് ഇത് 50 മീറ്ററാക്കി കുറച്ചത്. ഇതേത്തുടര്‍ന്ന് കൂടുതല്‍ ക്വാറികള്‍ക്ക് അക്കാലത്ത് അനുമതി നല്കി.
2019-ല്‍ സ്വകാര്യ വ്യക്തി നല്കിയ പരാതിയില്‍ ക്വാറികള്‍ 200 മീറ്റര്‍ ദൂരപരിധി പാലിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇതിനെ ചോദ്യം ചെയ്തു.
ട്രിബ്യൂണല്‍ തങ്ങളുടെ നിലപാട് കേട്ടില്ലെന്നും വിദഗ്ധ പഠനം നടത്തിയില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി 50 മീറ്ററായി തുടരാന്‍ അനുവദിച്ചത്