കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം
Monday, October 13, 2025 1:44 AM IST
കാഞ്ഞങ്ങാട്: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘അവകാശ സംരക്ഷണ യാത്ര’യ്ക്ക് ഇന്ന് തുടക്കം കുറിയ്ക്കും.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ പാണത്തൂരിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുഖംതിരിച്ചു നിൽക്കുന്ന വിവിധ ജനകീയ, സമുദായ വിഷയങ്ങൾ ഉയർത്തിയാണ് ജാഥ. യാത്ര 24ന് സെക്രട്ടേറിയറ്റ് ധർണയോടെ സമാപിക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് പുളിക്കൽ, മാർ അലക്സ് താരാമംഗലം, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ യാത്രയെ അഭിസംബോധന ചെയ്യും.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കൊപ്പം ചിറ്റാരിക്കൽ, പേരാവൂർ, മാനന്തവാടി, തിരുവമ്പാടി, മണ്ണാർക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, കോതമംഗലം, കട്ടപ്പന, കാഞ്ഞിരപ്പള്ളി, പാലാ, കുട്ടനാട്, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനകീയ മഹാസമ്മേളനങ്ങൾ യാത്രയോടനുബന്ധിച്ച് നടക്കും. സമുദായ-സാമൂഹ്യ നേതാക്കൾ പങ്കെടുക്കും.
‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക, റബർ, നെല്ല് ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക നിയമന നിരോധനം, ഇഡബ്ല്യൂഎസ് സംവരണം, തെരുവ്നായ ആക്രമണങ്ങൾ, ഭൂപതിവ് ചട്ട ഭേദഗതി, മുനമ്പം പ്രശ്നത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ, ന്യൂനപക്ഷ ആക്രമണങ്ങൾ തുടങ്ങിയവയും ജാഥയുടെ പ്രധാന വിഷയങ്ങളാണ്.
ജനകീയ ആവശ്യങ്ങൾ പരിഗണിക്കാതെ ഇലക്ഷൻ ജയിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടികളുടെ ഇരട്ടത്താപ്പുകൾ യാത്രയിൽ ചർച്ചാവിഷമമാകും. അവഗണന തുടർന്നാൽ കത്തോലിക്ക കോൺഗ്രസ് വരുംതെരഞ്ഞെടുപ്പുകളിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, ജോർജ് കോയിക്കൽ, ബിജു സെബാസ്റ്റ്യൻ, ഫിലിപ്പ് വെളിയത്ത്, അഡ്വ. മനു വരാപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്.
കർഷകരോടും ക്രൈസ്തവരോടും മാറിമാറിവരുന്ന സർക്കാരുകൾ കാട്ടുന്ന അവഗണന തുറന്നുകാട്ടുന്നതാകും അവകാശ സംരക്ഷണ യാത്ര. ജനാധിപത്യബോധമുള്ളവർ കത്തോലിക്ക കോൺഗ്രസിന്റെ യാത്രയെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്.
റവ. ഡോ. ഫിലിപ്പ് കവിയിൽ
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ
ക്രൈസ്തവ-കർഷക അവഗണന പരിധി ലംഘിക്കുന്നു. സാധാരണക്കാരനു വേണ്ടിയുള്ള അവകാശ പോരാട്ടമായ അവകാശ സംരക്ഷണ യാത്ര ഉയർത്തുന്ന വിഷയങ്ങളെ അവഗണിക്കുന്ന രാഷ്ട്രിയ പാർട്ടികൾക്ക് ജനം ബാലറ്റിലൂടെ മറുപടി നൽകും.
രാജീവ് കൊച്ചുപറമ്പിൽ
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്