വീണ്ടും വ്യാപാരയുദ്ധം; ഓഹരിവിപണിയിൽ ആശങ്ക
Sunday, October 12, 2025 10:24 PM IST
ഓഹരി അവലോകനം/ സോണിയ ഭാനു
ഭസ്മാസുരനായി മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം ആഗോള ഓഹരി നിക്ഷേപകരെ അങ്കലാപ്പിലാക്കി. ചൈനയ്ക്ക് നേരേ വാരാന്ത്യം തൊടുത്ത ആ യുദ്ധം അതേ വേഗത്തിൽ നാഗാസ്ത്രമായി അമേരിക്കൻ ഓഹരി വിപണിയിലേക്കുതന്നെ പതിച്ചത് യുഎസ് സമ്പദ്ഘടനയിൽ വൻ വിള്ളലുളവാക്കും.
ചൈനീസ് ഇറക്കുമതിക്ക് നൂറ് ശതമാനം നികുതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇതിന്റെ ആഘാതം ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ യൂറോ-ഏഷ്യൻ മാർക്കറ്റുകളിലും പ്രതിഫലിക്കാം. ഓഹരി ഇൻഡക്സുകളിൽ മാത്രമല്ല ക്രിപ്റ്റോ കറൻസിയിലും കനത്ത തകർച്ച വെള്ളിയാഴ്ച സംഭവിച്ചത് ഒരു വിഭാഗം ഫണ്ടുകളെ മഞ്ഞലോഹത്തിൽ അഭയം തേടാൻ പ്രേരിപ്പിക്കും.
സ്ഥിതിഗതികൾ സങ്കീർണമെന്ന് വ്യക്തമായ രാജ്യാന്തര ഫണ്ടുകൾ അമേരിക്കയിൽ വിൽപ്പനക്കാരായി, ഇതോടെ 1.5 ട്രില്യൻ ഡോളറാണു വിപണിക്ക് നഷ്ടമായത്. ഇതിനിടയിൽ മികവിലേക്ക് തിരിച്ചുവരവ് നടത്തിക്കൊണ്ടിരുന്നു ക്രിപ്റ്റോ കറൻസിയിൽ റിക്കാർഡ് തകർച്ച രേഖപ്പെടുത്തി. പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിൽ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം ക്രിപ്റ്റോയിൽ അലിഞ്ഞ് ഇല്ലാതായത് 19 ബില്യൺ ഡോളറാണ്.
ഇന്ത്യൻ വിപണിക്ക് പ്രതീക്ഷകൾ
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ രണ്ടാം വാരവും തിളക്കം നിലനിർത്തി ദീപാവലി ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അതേസമയം യുഎസ്-ചൈന വ്യാപാര യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നത് വിനിമയ വിപണിയിലും വൻ ചലനങ്ങൾക്ക് ഇടയാക്കും. പിന്നിട്ടവാരം സെൻസെക്സ് 1293 പോയിന്റും നിഫ്റ്റി സൂചിക 391 പോയിന്റും മികവിലാണ്. രണ്ട് ഇൻഡക്സുകളും ഒന്നര ശതമാനത്തിൽ അധികം നേട്ടം സ്വന്തമാക്കി.
വിദേശ ഫണ്ടുകൾ വീണ്ടും നിക്ഷേപത്തിന് ഉത്സാഹിച്ചു. പോയവാരം അവർ പുതിയ വാങ്ങലുകൾക്ക് കാണിച്ച തിരക്കിട്ട നീക്കങ്ങൾ ദീപാവലിക്ക് തിളക്കം പകരാം. തുടർച്ചയായ 26-ാം വാരവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷപകരാണ്. യുഎസ്‐ബെയ്ജിംഗ് വ്യാപാര ബന്ധം വഷളാവുന്നതും ഇന്ത്യ -യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും മുൻനിർത്തി രാജ്യാന്തര ഫണ്ടുകൾ സുരക്ഷിത നിക്ഷേപ മേഖലയായി ഇന്ത്യയെ വീക്ഷിക്കുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കും.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 24,894 പോയിന്റിൽനിന്നും നേട്ടത്തിൽ ട്രേഡിംഗ് പുനരാരംഭിച്ചു. വാങ്ങൽ താത്പര്യത്തിൽ 25,000ലെ പ്രതിരോധം തകർത്ത് മുൻവാരം സൂചിപ്പിച്ച 25,106ലേക്കും തുടർന്ന് 25,330 പോയിന്റ് വരെ സഞ്ചരിച്ചു. എന്നാൽ, രണ്ടാം പ്രതിരോധമായി വ്യക്തമാക്കിയ 25,414ലേക്ക് ചുവടുവയ്ക്കാൻ അവസരം ലഭിക്കാതെ വാരാന്ത്യം 25,285 പോയിന്റിലാണ്. ഈ വാരം 25,442ലാണ് ആദ്യ പ്രതിരോധം. ഇത് മറികടന്നാൽ 25,600 പോയിന്റ് ദീപാവലി വേളയിൽ സ്വപ്നം കാണാമെങ്കിലും അമേരിക്കൻ നീക്കം ആഗോള വിപണികളെ പിടിച്ചുലച്ചാൽ നിഫ്റ്റിക്ക് 25,044 -24,744 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. സാങ്കേതിക വശങ്ങൾ ബുള്ളിഷെങ്കിലും വിവിധ ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായതിനാൽ ലാഭമെടുപ്പ് തിരുത്തലിന് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഒക്ടോബർ 25,250ൽനിന്നും ഒന്നര ശതമാനം ഉയർന്ന് 25,411ലെത്തിയെങ്കിലും ചെറിയതോതിലുള്ള തിരുത്തൽ സാധ്യതകൾ മുന്നിലുള്ളതിനാൽ 25,225–25,175ൽ പരീക്ഷണങ്ങൾ നടത്താം. താഴ്ന്ന റേഞ്ചിൽ ബുൾ ഓപ്പറേറ്റർമാർ രംഗത്ത് എത്തിയാൽ അടുത്ത കുതിപ്പിൽ ഒക്ടോബർ ഫ്യൂച്ചർ 25,500നെ ലക്ഷ്യമാക്കാം. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റിൽ കുറവ് രോഖപ്പെടുത്തി. തൊട്ട് മുൻവാരത്തിലെ 180 ലക്ഷം കരാറുകളിൽനിന്നും 175 ലക്ഷമായി കുറഞ്ഞങ്കിലും മുന്നേറ്റത്തിനിടയിൽ സംഭവിച്ച ഈ കുറവ് ഷോർട്ട് കവറിംഗിനെ സൂചിപ്പിക്കുന്നു.
ബോംബെ സെൻസെക്സ് 81,207 പോയിന്റിൽനിന്നുള്ള കുതിച്ചുചാട്ടത്തിൽ 82,654 വരെ ഉയർന്ന ശേഷം വാരാന്ത്യം 82,500 പോയിന്റിലാണ്. ഈവാരം വിപണിക്ക് 81,587ൽ ആദ്യ താങ്ങുണ്ട്, അത് നിലനിർത്താനായില്ലെങ്കിൽ 80,674ലേക്ക് പരീക്ഷണങ്ങൾക്ക് മുതിരാം. അതേസമയം മുന്നേറിയാൽ 83,033 – 83,566 പോയിന്റിൽ പ്രതിരോധം ഉടലെടുക്കും.
കരുത്തിലെത്താൻ രൂപ
ഡോളറിനു മുന്നിൽ രൂപ കരുത്ത് നിലനിർത്താനുള്ള ശ്രമത്തിലാണ്. വിദേശ ഫണ്ടുകൾ വിൽപ്പന കുറച്ച് നിക്ഷേപത്തിന് ഓഹരി വിപണിയിൽ കാണിച്ച താത്പര്യം രൂപയിലും കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു, എന്നാൽ, അത്തരം ഒരു ഉണർവ് കണ്ടതുമില്ല. രൂപ 88.71ൽനിന്നും 88.81ലേക്ക് ദുർബലമായെങ്കിലും പിന്നീട് 88.48ലേക്ക് ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 88.78ലാണ്. മൂന്നാഴ്ചകളായി രൂപയുടെ മൂല്യം നേരിയ റേഞ്ചിലാണ് നീങ്ങുന്നത്. സാങ്കേതികമായി വിലയിരുത്തിയാൽ 88.25ലേക്ക് ശക്തിപ്രാപിക്കാം.
ക്രൂഡ് ഓയിൽ വില കുറഞ്ഞേക്കും
ക്രൂഡ് ഓയിൽ വില ബാരലിന് 64.45 ഡോളറിൽനിന്നും 66.50ലേക്ക് ഉയർന്നതിനിടയിലെ വിൽപ്പന സമ്മർദത്തിൽ എണ്ണ വില 62.61 ഡോളറിലേക്ക് ഇടിഞ്ഞു. പലസ്തീൻ മേഖലയിലെ ശാന്തത എണ്ണ വിലയെ 62-58 ഡോളറിലേക്ക് അടുപ്പിക്കുമെന്നു മുൻവാരം വ്യക്തമാക്കിയിരുന്നു.
സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ ക്രൂഡ് ഓയിൽ കൂടുതൽ ദുർബലമാകാൻ ഇടയുണ്ടെങ്കിലും ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങുമെന്നത് ചെറിയ തോതിൽ പുൾബാക്ക് റാലിക്ക് വഴിയൊരുക്കാം. അഫ്ഗാൻ-പാക് അതിർത്തിയിൽ നിന്നുള്ള വെടിയൊച്ചകൾ വിരൽ ചൂണ്ടുന്നത് ഇറാൻ-ഇറാക്ക് സംഘർഷ കാലഘട്ടത്തിലേയ്ക്കാണ്, വീണ്ടും ഇസ്ലാമിക രാജ്യങ്ങളുടെ ഏറ്റുമുട്ടൽ പാശ്ചാത്യ രാജ്യങ്ങൾ ആയുധ വിൽപ്പനയ്ക്ക് അവസരമാക്കാം.
സ്വർണക്കുതിപ്പ്
ആഗോള സ്വർണ മാർക്കറ്റിൽ റിക്കാർഡ് പ്രകടനം. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3885 ഡോളറിൽനിന്നും 4000 ഡോളറിലെ പ്രതിരോധം തകർത്ത് 4058 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 4016 ഡോളറിലാണ്. ഒരു വർഷത്തിൽ സ്വർണ വില ഉയർന്നത് 1360 ഡോളറാണ്, അതായത് 51 ശതമാനം.
അടുത്ത വാരം ദീപാവലിയോട് അനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങൾ വിപണി അടഞ്ഞുകിടക്കും. ദീപാവലി മുഹൂർത്ത വ്യാപാര സമയം എക്സ്ചേഞ്ച് പിന്നീട് പ്രഖ്യാപിക്കും.
‘സംവത് 2082’നെ വരവേൽക്കാനുള്ള ഒരുക്കത്തിലാണു നിക്ഷേപകർ. മുഹൂർത്ത വ്യാപാരത്തിൽ ഇടപാടുകളുടെ വ്യാപ്തി നാമമാത്രമായിരിക്കും. പിന്നിട്ട 16 വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ 13 തവണയും സൂചിക മികവ് കാഴ്ച്ചവച്ചു.