സംസ്ഥാനത്തെ 300 ഭവനരഹിതർക്ക് വീടുവച്ചു നൽകാൻ അസറ്റ് ഹോംസ്
Sunday, October 12, 2025 10:24 PM IST
കൊല്ലം: അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 300 ഭവനരഹിതർക്ക് വീടുവച്ചു നൽകുമെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ കുമാർ പ്രഖ്യാപിച്ചു.അസറ്റ് ആഷിയാന എന്ന സിഎസ്ആർ പദ്ധതി വഴിയാണ് ഭവനം നിർമിച്ചു നൽകുന്നത്.
ഉന്നത ഗുണനിലവാരമുള്ളതും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഭവനങ്ങളാണ് തീർത്തും സൗജന്യമായി അസറ്റ് ആഷിയാനയിലൂടെ നിർമിച്ചു നൽകുകയെന്നും സുനിൽ കുമാർ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാകും ഗുണഭോക്താക്കളെ കണ്ടെത്തുക.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ, കോഴിക്കോട് നഗരസഭ എന്നിവരുമായി സഹകരിച്ച് കോഴിക്കോട് കോർപറേഷൻ പരിധിയിൽ 60 വീടുകൾ നിർമിച്ചു നൽകും. ഇതിന്റെ ആലോചനായോഗവും പാർപ്പിടദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നടന്നു.
മുൻ എംഎൽഎ എ. പ്രദീപ് കുമാർ, വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കൊച്ചി, തൃശൂർ, കൊല്ലം ജില്ലകളിലായി 240 ഗുണഭോക്താക്കളെക്കൂടി തെരഞ്ഞെടുത്ത് 300 വീടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
18 വർഷത്തിനുള്ളിൽ അസറ്റ് ഹോംസ് 90 പദ്ധതികൾ പൂർത്തിയാക്കി കൈമാറി. സംസ്ഥാനത്തെ 10 ജില്ലയിലായി 33 പദ്ധതികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.