ചൈനയുടെ നടപടി ആഗോള സാങ്കേതികമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോർട്ട്
Sunday, October 12, 2025 10:24 PM IST
തായ്പേയ് (തായ്വാൻ): അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം കർശനമാക്കാനുള്ള ചൈനയുടെ പുതിയ നീക്കം ആഗോള സാങ്കേതിക വിദ്യയെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ.
ചൈനയുടെ വ്യാപകമായ നിയന്ത്രണങ്ങൾ അമേരിക്കയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് ചൈനീസ് അപൂർവ ഭൗമ മൂലകങ്ങളെയോ സാങ്കേതികവിദ്യയെയോ ആശ്രയിക്കുന്ന ഏതൊരു രാജ്യത്തിനും മേൽ സമ്മർദ്ദം ചെലുത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണെന്ന് ചുങ്-ഹുവ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഇക്കണോമിക് റിസർച്ചിലെ തായ്വാൻ ആസിയാൻ പഠന കേന്ദ്രത്തിന്റെ ഡയറക്ടർ ക്രിസ്റ്റി ഹ്സു മുന്നറിയിപ്പ് നൽകിയതായി ഫോക്കസ് തായ്വാൻ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ നിയന്ത്രണങ്ങളെത്തെത്തുടർന്ന് തായ്വാനിലെ സാങ്കേതികവിദ്യ, നിർമാണ മേഖലകൾ ഉടൻ തന്നെ വലിയ പ്രതിസന്ധി നേരിട്ടേക്കാമെന്ന് ഇവർ പറഞ്ഞു.
ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സെമി-ഫിനിഷ്ഡ് ഉത്പന്നങ്ങളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും വലിയൊരു ഭാഗം ചൈനയിൽ നിന്നുള്ള വസ്തുക്കളെയോ ശുദ്ധീകരണ പ്രക്രിയകളെയോ ആശ്രയിക്കുന്നതിനാൽ തായ്വാനെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈന ഈ നിയന്ത്രണങ്ങൾ പൂർണ്ണമായും നടപ്പിലാക്കുകയാണെങ്കിൽ, ലോകത്ത് അപൂർവ എർത്ത് വിലയിൽ വർധനവ് ഉണ്ടാകുമെന്നും ക്ഷാമം ഒഴിവാക്കാൻ പ്രധാന സന്പദ്വ്യവസ്ഥകൾ സംഭരണത്തിൽ വർധനവ് വരുത്തുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കയറ്റുമതി നിയന്ത്രണത്തിന്റെ വ്യാപ്തി അനിശ്ചിതത്വത്തിലാണെങ്കിലും, ചൈന പിന്നീട് സമീപനത്തിൽ അയവ് വരുത്തിയില്ലെങ്കിൽ മൊത്തത്തിലുള്ള പ്രത്യാഘാതങ്ങൾ ഗുരുതരമാകുമെന്ന് ഹ്സു കൂട്ടിച്ചേർത്തു.