മെച്ചപ്പെടാതെ റബർ
Sunday, October 12, 2025 10:24 PM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
ഡോളർ ശക്തമാക്കാൻ അമേരിക്ക നടത്തിയ നീക്കം ഏഷ്യൻ റബർ അവധി വ്യാപാര മേഖലയ്ക്ക് ഊർജം പകർന്നു. ഇന്ത്യൻ വ്യവസായികളും വില ഉയർത്തി ഷീറ്റ് ശേഖരിച്ചു.
വെളിച്ചെണ്ണയിൽ ദീപാവലി പ്രതീക്ഷകൾക്ക് മങ്ങലേറ്റു, തമിഴ്നാട് ലോബി വെളിച്ചെണ്ണ വിറ്റുമാറാനുള്ള തിടുക്കത്തിൽ. കുരുമുളക് വീണ്ടും മുന്നേറി. ആഗോള വിപണിക്ക് ഒപ്പം കേരളത്തിലും സ്വർണം റിക്കാർഡ് പുതുക്കി.
വിനിമയ വിപണിയിൽ ഡോളറുമായുള്ള ദ്വന്ദയുദ്ധത്തിൽ ജാപ്പനീസ് നാണയത്തിന് കാലടറി. യെന്നിന്റെ മൂല്യം എട്ട് മാസത്തെ ഏറ്റവും ദുർബലമായ 153ലേക്ക് ഇടിഞ്ഞത് വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. ഏപ്രിലിൽ ഡോളറിന് മുന്നിൽ 140ലേക്ക് ശക്തിപ്രാപിച്ചിരുന്നു യെന്നിന്റെ മൂല്യം. ഒസാക്ക എക്സ്ചേഞ്ചിൽ വാരമധ്യം റബറിൽ വാങ്ങൽ താത്പര്യം അനുഭവപ്പെട്ടു. മാർച്ച് അവസാനം കിലോ 344 യെൻ വരെ കയറി ഇടപാടുകൾ നടന്ന റബർ കഴിഞ്ഞവാരം 294 യെന്നിലേക്ക് ഇടിഞ്ഞിരുന്നു.
ചൈന വിപണി ദേശീയ അവധി മൂലം ഒരാഴ്ച പൂർണമായി പ്രവർത്തനരഹിതമായതിനാൽ വ്യവസായികൾ ആഗോള റബർ മാർക്കറ്റിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടയിലെ വിലത്തകർച്ച ഓപ്പറേറ്റർമാരെ ഒസാക്കയിൽ വാങ്ങലുകാരാക്കിയത് റബറിനെ കിലോ 314 യെൻ വരെ ഉയർത്തി, ലാഭമെടുപ്പിൽ ക്ലോസിംഗിൽ നിരക്ക് 310 യെന്നിലാണ് ഫെബ്രുവരി അവധി. വിപണിയുടെ സാങ്കേതിക വശങ്ങൾ നൽകുന്ന സൂചനകൾ റബർ ഉത്പാദക രാജ്യങ്ങൾക്ക് അത്ര ശുഭകരമല്ല. നിലവിൽ 324 യെന്നിൽ ശക്തമായ പ്രതിരോധം തലയുയർത്തുന്നത് ഓപ്പറേറ്റർമാരെ വീണ്ടും ലാഭമെടുപ്പിന് പ്രേരിപ്പിക്കാം.
അതേസമയം മാസമധ്യം വരെ ശക്തമായ മഴ തുടരുമെന്ന തായ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് റബർ ക്ഷാമം തായ്ലൻഡിൽ സൃഷ്ടിക്കാം. ടാപ്പിംഗ് സ്തംഭിച്ചതിനാൽ ഒക്ടോബർ ഷിപ്പ്മെന്റുകൾ യഥാസമയം പൂർത്തിയാക്കാൻ കയറ്റുമതി മേഖലയ്ക്കാകുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തയില്ല. ബാങ്കോക്കിൽ റബർ കിലോ 180ൽനിന്നും 182 രൂപയായി ഉയർന്നത് ഇന്ത്യൻ വ്യവസായികളെ ആഭ്യന്തര മാർക്കറ്റിലേക്ക് അടുപ്പിച്ചു. വാരത്തിന്റെ ആദ്യ ദിനങ്ങളിൽ നേരിയ റേഞ്ചിൽ നീങ്ങിയ നാലാം ഗ്രേഡ് ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 18,700 രൂപയിലും അഞ്ചാം ഗ്രേഡ് 18,400 രൂപയിലുമാണ്. ന്യൂനമർദ ഫലമായി സംസ്ഥാനത്ത് രാത്രി മഴ കനത്തതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും പുലർച്ചെ റബർ ടാപ്പിംഗിൽനിന്നും വിട്ടുനിൽക്കാൻ ഉത്പാദകർ നിർബന്ധിതരായി.
വെളിച്ചെണ്ണയ്ക്കു തിരിച്ചടി

ഏറെ പ്രതീക്ഷകളോടെയാണ് ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായ രംഗം ദീപാവലിയെ ഉറ്റ് നോക്കിയത്. പ്രദേശിക വിപണികളിൽനിന്നും വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് ഉയരുമെന്ന കണക്കുകൂട്ടലിലായിരുന്നു വ്യവസായികൾ. എന്നാൽ, തമിഴ്നാട്ടിലെ വൻകിട മില്ലുകാരുടെ പ്രതീക്ഷകൾ പാടെ കാറ്റിൽ പറന്ന അവസ്ഥയിലാണ്. ഓണത്തിനു ശേഷം തളർച്ചയിൽനിന്നും നടുവ് നിവർത്താമെന്ന കണക്കുകൂട്ടലിൽ മഹാനവമി വേളയിൽ വെളിച്ചെണ്ണയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഓർഡറുകൾ പ്രതീക്ഷിച്ചു. എന്നാൽ, എണ്ണയുടെ ഉയർന്ന വില ഡിമാൻഡിന് തിരിച്ചടിയാതോടെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് വിറ്റുമാറാനുള്ള തിടുക്കത്തിലാണ്. അവസാന പ്രതീക്ഷ ദീപാവലി ഡിമാൻഡിലാണ്. ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനിടയിലും കാങ്കയത്ത് എണ്ണ വില 31,475 രൂപയായി ഇടിഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് കൊച്ചിയിലും നിരക്ക് താഴ്ന്ന് വാരാന്ത്യം 36,300 രൂപയിലും കൊപ്ര 21,850 രൂപയിലുമാണ്.
തിരിച്ചുവരവ് നടത്തി കുരുമുളക്

കുരുമുളക് തളർച്ചയിൽനിന്നും തിരിച്ചുവരവ് നടത്തി. നവരാത്രി ദിനങ്ങളിൽ ഉത്തരേന്ത്യൻ ഇടപാടുകാർ വിപണിയിൽനിന്നും അകന്ന് മുളക് വില ഇടിച്ചെങ്കിലും കർഷകരുടെ ചെറുത്തുനിൽപ്പ് കണ്ട് വാങ്ങലുകാർ വില ഉയർത്തി. വിപണിക്ക് താങ്ങ് പകരാൻ സ്റ്റോക്കിസ്റ്റുകൾ ചരക്ക് നീക്കം കുറച്ചത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി. മറ്റ് മാർഗങ്ങളില്ലെന്നു മനസിലാക്കിയ അവർ ഒടുവിൽ വില ഉയർത്തി. ദീപാവലി ഡിമാൻഡുള്ളതിനാൽ കുരുമുളക് വില കൂടുതൽ ആകർഷകമാകുമെന്ന നിലപാടിലാണ് ഒരു വിഭാഗം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 67,900 രൂപയിൽനിന്നും 68,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
ഏലക്കയ്ക്ക് ആശ്വാസം

ആഭ്യന്തര വിദേശ ഇടപാടുകാർക്ക് ഏലക്ക ലേലത്തിൽ സജീവമായിരുന്നു. വില്പനയ്ക്ക് വന്ന ചരക്കിൽ വലിയ പങ്കും ഇടപാടുകാർ ശേഖരിച്ചത് ഉത്പാദന മേഖലയ്ക്ക് ആശ്വാസമായി. ക്രിസ്മസ് ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള വാങ്ങലുകൾ പുരോഗമിക്കുന്നു. രാജ്യാന്തര വിപണിയിൽ ഗ്വാട്ടിമാലയുടെ സാന്നിധ്യം ശക്തമല്ല. അതേസമയം ശരാശരി ഇനങ്ങൾ കിലോ വാരാവസാനം 2482 രൂപയിലാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം റിക്കാർഡ് പുതുക്കി. പവൻ 87,560 രൂപയിൽനിന്നും കുതിച്ച് ശനിയാഴ്ച എക്കാലത്തെയും ഉയർന്ന നിരക്കായ 91,120 രൂപയായി, ഒരു ഗ്രാം സ്വർണ വില 11,390 രൂപ. അതേ സമയം വിപണിയിലെ മറ്റൊരു വിഭാഗം വ്യാപാരാന്ത്യം വില 91,720 രൂപയായി ഉയർത്തി.