ബിഹാറിൽ ബിജെപിയും ജെഡി-യുവും 101 വീതം സീറ്റിൽ
Monday, October 13, 2025 1:50 AM IST
ന്യൂഡൽഹി: ബിഹാറിൽ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡി-യുവും 101 വീതം സീറ്റുകളിൽ മത്സരിക്കും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇതറിയിച്ചത്. 243 സീറ്റുകളാണ് ബിഹാറിലുള്ളത്.
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് 29 സീറ്റ് നല്കി. കേന്ദ്രമന്ത്രി ജീതൻ റാം മാൻജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ), ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച പാർട്ടികൾ ആറു വീതം സീറ്റുകളിൽ മത്സരിക്കും.
ജീതൻ റാം മാൻജി 15 സീറ്റ് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല. 2020ൽ എച്ച്എഎമ്മിന് ഏഴു സീറ്റ് മത്സരിക്കാൻ ലഭിച്ചിരുന്നു. 2020ൽ ജെഡി-യു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമാണു മത്സരിച്ചത്. ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ ജെഡി-യുവിനു ലഭിക്കാത്തത് ആദ്യ സംഭവമാണ്.