വിവരാവകാശനിയമം മോദി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ദീപാദാസ് മുന്‍ഷി
Monday, October 13, 2025 1:42 AM IST
തിരുവന്തപുരം: യുപിഎ സര്‍ക്കാര്‍ 2005ല്‍ പാസാക്കിയ വിപ്ലവകരമായ വിവരാവകാശനിയമത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മോദിസര്‍ക്കാര്‍ ഭേദഗതികളിലൂടെയും നടപടികളിലൂടെയും നിയമത്തെ അട്ടിമറിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് അഞ്ചു വര്‍ഷം സ്ഥിരകാലാവധിയും ഉറപ്പുള്ള സേവന നിബന്ധനകളും ഉണ്ടായിരുന്നു. 2019ലെ ഭേദഗതിയിലൂടെ ഇതിനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യടക്കി.
ഇത് ഭരണകൂട ഇടപെടലിന് വഴിവച്ചു. 2023ല്‍ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം വ്യക്തിഗത വിവരങ്ങള്‍ എന്നതിന്റെ പരിധി വ്യാപിപ്പിച്ചു. വ്യക്തിഗത വിവരം പൊതുതാത്പര്യത്തിനായാലും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന വ്യവസ്ഥ നിയമത്തിന്റെ അന്തസത്ത തകര്‍ത്തതായും ദീപാദാസ് മുന്‍ഷി പറഞ്ഞു.
ഒഴിവുകള്‍ നികത്താത്തതുമൂലം കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ 11 അംഗങ്ങള്‍ക്ക് പകരം രണ്ട് പേര് മാത്രമേയുള്ളു. 2025 സെപ്റ്റംബറിനു ശേഷം ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനം പോലും ഒഴിഞ്ഞുകിടക്കുകയാണ്.
പല സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണുള്ളത്. 2024 ജൂണ്‍ വരെ, 29 കമ്മീഷനുകളില്‍ ഏകദേശം 4,05,000 അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ഏകദേശം 23,000 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
2019 ലെ ഭേദഗതികള്‍ റദ്ദാക്കി വിവരാവകാശ കമ്മീഷനുകളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക, സുരക്ഷിതമായ സേവന വ്യവസ്ഥകളോടെ കമ്മീഷനംഗങ്ങള്‍ക്ക് നിശ്ചിത അഞ്ചു വര്‍ഷത്തെ കാലാവധി ഉറപ്പാക്കുക, വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഡിപിഡിപി നിയമ വ്യവസ്ഥകള്‍ (സെക്ഷന്‍ 44(3)) ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.