"ഷാഫിയുടെ തലയ്ക്കടിച്ചു'; കുറ്റസമ്മതവുമായി വടകര റൂറല്‍ എസ്പി
Monday, October 13, 2025 1:44 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കു മര്‍ദനമേറ്റ സംഭവത്തില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ കുറ്റസമ്മതവുമായി വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു. പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നായിരുന്നു കെ.ഇ. ബൈജുവിന്റെ പ്രതികരണം.
വടകരയില്‍ നടന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഷാഫി പറമ്പിലിനെ പിറകില്‍നിന്നു ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അത് ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്.
പേരാമ്പ്രയില്‍ ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. ഷാഫിക്കു മര്‍ദനമേറ്റിട്ടില്ലെന്നും ചുവപ്പു മഷി തുണിയില്‍ പുരട്ടി അദ്ദേഹം തെറ്റിദ്ധാരണ പരത്തുകയാണെന്നുമുള്ള സിപിഎമ്മിന്റെ സൈബര്‍ പോരാളികളുടെ പ്രചാരണം രൂക്ഷമായിരിക്കെയാണ്, ഷാഫിയെ പോലീസുകാര്‍ ലാത്തികൊണ്ടടിച്ചുവെന്നു റൂറല്‍ എസ്പി കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
അതേസമയം, പിറകില്‍നിന്നു ലാത്തികൊണ്ടടിച്ചാല്‍ എങ്ങനെയാണ് ഷാഫിയുടെ മൂക്കിനു പരിക്കേല്ക്കുകയെന്ന ചോദ്യവും ഉയരുന്നു. പേരാമ്പ്ര വിഷയത്തില്‍ പോലീസിനെ പിന്തുണച്ചും യുഡിഎഫിനെ കുറ്റപ്പെടുത്തിയും സിപിഎം വന്‍ പ്രചാരണം നടത്തുന്നതിനിടെയാണു ഭരണപക്ഷത്തിനു തലവേദനയായി പോലീസിനുള്ളില്‍ത്തന്നെ പരസ്പരം കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നത്.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസിനെ വെള്ളപൂശി ഡിവൈഎഫ്ഐ നേതാവ് എസ്.കെ. സജീഷ് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരിക്കെയാണു റൂറല്‍ എസ്പിയുടെ കുറ്റസമ്മതമുണ്ടായത്. യുഡിഎഫുകാര്‍ പോലീസുകാര്ക്കിടയിലേക്കു സ്ഫോടക വസ്തു എറിഞ്ഞുവെന്നും ഇതുപൊട്ടിത്തെറിച്ചാണ് പോലീസുകാര്‍ക്കു പരിക്കേറ്റതെന്നുമാണ് എസ്.കെ. സജീഷ് ആരോപിച്ചത്.
ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൈയിലിരുന്ന സ്മോക്ക്ഷെല് പൊട്ടിത്തെറിച്ചാണ് ഡിവൈഎസ്പിക്കു പരിക്കേറ്റതെന്നു പോലീസുകാര്‍തന്നെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതിനിടെയാണ്, സജീഷിന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്.
കഴിഞ്ഞദിവസം പേരാമ്പ്രയില്‍ യുഡിഎഫ് നടത്തിയ പ്രതിഷേധ സംഗമത്തില്‍ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പോലീസ് ആദ്യം തല്ലിയത് ഷാഫിയുടെ തലയ്ക്ക്: കോഴിക്കോട് ഡിസിസി പ്രസിഡന്റ്
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ പോലീസ് ആദ്യം തല്ലിയത് തലയ്ക്കാണെന്ന് സംഭവസ്ഥലത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. പിന്നെ മൂക്കിന് പരിക്കേൽപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് എംപിയെയും മറ്റുള്ളവരെയും മർദിച്ചതെന്നും പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ലാത്തി വീശുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പോലീസ് പാലിച്ചില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ഷാഫിയെയും മറ്റ് നേതാക്കളെയും മര്‍ദിച്ചവരും മര്‍ദനത്തിനു നേതൃത്വം കൊടുത്തവരുമായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു പരാതി നല്‍കും.
പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിദാസന് ഉള്‍പ്പെടെ ലാത്തി വീശിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ വടകരയിലെ വീടിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.