ബ്ലാസ്റ്റേഴ്സ് കോര്‍പറേറ്റ് കപ്പിന് കിക്കോഫ്
Thursday, October 16, 2025 12:16 AM IST
കൊച്ചി: കോര്‍പറേറ്റ് പ്രഫഷണലുകള്‍ക്കിടയില്‍ കായികക്ഷമത ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബിന്റെയും സിമ്പിള്‍ എനര്‍ജിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിമ്പിള്‍ എനര്‍ജി ബ്ലാസ്റ്റേഴ്സ് കോര്‍പറേറ്റ് കപ്പ് 2025 ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.
കാക്കനാട് ആക്ടീവ് ബേസ് രാജഗിരി വാലിയില്‍ നടന്ന ചടങ്ങില്‍ നടന് മാത്യു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
കാക്കനാട് ആക്റ്റീവ്ബേസ് പ്രീമിയര്‍ മള്‍ട്ടി സ്പോര്‍ട്സ് യൂട്ടിലിറ്റി സെന്ററിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ചാമ്പ്യന്മാര്ക്ക് 50,000 രൂപയും റണ്ണേഴ്സ് അപ്പിന് 25,000 രൂപയും കാഷ് പ്രൈസ് സമ്മാനിക്കും.
ഉദ്ഘാടനചടങ്ങില്‍ പുതിയ ചിത്രമായ നൈറ്റ് റൈഡേഴ്സിലെ താരങ്ങളായ വിഷ്ണു അഗസ്ത്യ, മീനാക്ഷി, ശരത് സഭ, ആക്ടിവ്ബേസ് പ്രതിനിധി ഹരി, ടൈകേരള മുന്‍ പ്രസിഡന്റ് ഡോ. ജസീല്‍, ഡോ. ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു. ലുലു ഫോറെക്സും ആക്ടിവ്ബേസുമാണ് ടൂര്‍ണമെന്റിന്റെ സഹപ്രായോജകര്‍.
ഐബിഎസ് സോഫ്റ്റ്വേര്‍, പീക്കേ സ്റ്റീല്‍, എക്സ്പീരിയന് ടെക്നോളജീസ്, ഗാഡ്ജിയോണ്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച് ആന്‍ഡ് ആര് ബ്ലോക്ക്, ലുലു ഫോറെക്സ്, ഗ്രൂപ്പ് മീരാന്‍, ആംഫെനോള്‍, എച്ച്ടിഐസി ഗ്ലോബല്‍, കീവാല്യൂ സിസ്റ്റംസ്, വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് എന്നീ 12 പ്രമുഖ കോര്‍പറേറ്റ് ടീമുകളും, വനിതാ വിഭാഗത്തില്‍ വിപ്രോ, യുഎസ്ടി, ടിസിഎസ്, ടാറ്റ എല്‍ക്സി തുടങ്ങിയ ടീമുകളുമാണ് സെവന്‍സ് ഫോര്‍മാറ്റില്‍ കിരീടത്തിനായി പോരാടുന്നത്.