ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ആദ്യ ട്രോഫി
Wednesday, October 15, 2025 1:15 AM IST
ന്യൂഡല്‍ഹി: ആദ്യ പ്രണയം, ആദ്യ വാഹനം... എന്നിങ്ങനെ നീളുന്ന ആദ്യാനുഭവങ്ങള്‍ മനുഷ്യമനസുകളുടെ ആഴങ്ങളില്‍ എന്നെന്നുമുണ്ടാകും. അത്തരമൊരനുഭവം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും; തന്റെ ക്യാപ്റ്റന്‍സിയിലെ ആദ്യ ട്രോഫി.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ, രണ്ടു മത്സര പരമ്പര 2-0നു തൂത്തുവാരി. ശുഭ്മാന്‍ ഗില്ലിന്റെ സ്വീറ്റ് ഫസ്റ്റ്. ആദ്യ ഇന്നിംഗ്സില്‍ 82 റണ്‍സ് വഴങ്ങി അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ 104 റണ്‍സിന് മൂന്നും ഉള്‍പ്പെടെ ആകെ എട്ട് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രണ്ട് ടെസ്റ്റിലുമായി 104 റണ്‍സും എട്ട് വിക്കറ്റും സ്വന്തമാക്കിയ സ്പിന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പ്ലെയര്‍ ഓഫ് ദ സീരീസ്.
ആദ്യ മണിക്കൂറില്‍ത്തന്നെ
രണ്ടാം ഇന്നിംഗ്സില്‍ 121 റണ്‍സ് ലക്ഷ്യവുമായി അഞ്ചാംദിനം പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 58 റണ്‍സ്. അഞ്ചാംദിനം 17.2 ഓവറില്‍ രണ്ട് വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി ഇന്ത്യ ജയത്തിലെത്തി.
63/1 എന്ന നിലയില്‍ അഞ്ചാംദിനം ക്രീസിലെത്തിയ ഇന്ത്യക്ക് സ്കോര്‍ 88ല്‍വച്ച് സായ് സുദര്‍ശനെ (39) നഷ്ടപ്പെട്ടു. ആദ്യ ഇന്നിംഗ്സില്‍ 87 റണ്‍സ് നേടിയെങ്കിലും മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ഥാനം ഉറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സായ് സുദര്‍ശന്റെ ഇന്നിംഗ്സ്.
അലക്ഷ്യമായ ഡ്രൈവില്‍ ഷായ് ഹോപ്പിന്റെ ഉജ്വല സ്ലിപ്പ് ക്യാച്ചിലൂടെയാണ് സായ് മടങ്ങിയത്. നാലാം നമ്പറായ ശുഭ്മാന്‍ ഗില്ലിന് ആവേശം കൂടുതലായിരുന്നു. എത്രയും വേഗം മത്സരം അവസാനിപ്പിക്കാനുള്ള തിടുക്കത്തില്‍ ഗില്ലും (13) മടങ്ങി. റോസ്റ്റണ്‍ ചേസിന്റെ ഓവറില്‍ സിക്സും ഫോറും അടിച്ച ഗില്‍, ആകാശത്തേക്ക് ഉയര്ത്തിയടിച്ചായിരുന്നു ക്യാച്ച് നല്കി മടങ്ങിയത്.
ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ കെ.എല്‍. രാഹുലിന് ഒപ്പം ധ്രുവ് ജുറെല്‍ (6 നോട്ടൗട്ട്) കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു. 108 പന്ത് നേരിട്ട രാഹുല്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 58 റണ്‍സുമായി പുറത്താകാതെ നിന്നു.
ഖാരെ പിയെറിനെ സ്ട്രെയ്റ്റ് ലോഫ്റ്റ് ഷോട്ടിലൂടെയും ജോമെല്‍ വാരിക്കാനെ സ്ലോഗ് സ്വീപ് ഷോട്ടിലൂടെയുമായിരുന്നു രാഹുല്‍ സിക്സര്‍ പറത്തിയത്. ഇതോടെ പരമ്പരയില്‍ രാഹുലിന്റെ റണ്‍സ് സമ്പാദ്യം 196 ആയി. യശസ്വി ജയ്സ്വാള്‍ മാത്രമാണ് (219) രാഹുലിനു മുന്നിലുള്ളത്. ശുഭ്മാന്‍ ഗില്ലാണ് (192) പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
61.9%; മൂന്നില്‍ തുടരും
വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര 2-0നു സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 61.9 ആയി ഉയര്‍ന്നു. എങ്കിലും മൂന്നാം സ്ഥാനത്തുതന്നെയാണ് ടീം ഇന്ത്യ. 100% ഉള്ള ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 66.67 ശതമാനവുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടാണ് (43.33) ഇന്ത്യക്കു പിന്നില്‍ നാലാം സ്ഥാനത്ത്.
10
വെസ്റ്റ് ഇന്‍ഡീസിന് എതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ 10-ാം ടെസ്റ്റ് പരമ്പര ജയമാണ്. 2002നുശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടിട്ടുമില്ല, പരമ്പര കൈവിട്ടിട്ടുമില്ല. വിന്‍ഡീസിന് എതിരേ ഇന്ത്യ തുടര്‍ച്ചയായി 27-ാം ടെസ്റ്റിലും അപരാജിതരായി തലയുയര്‍ത്തി. ഏതെങ്കിലും ഒരു ടീമിനെതിരേ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പര ജയം എന്ന റിക്കാര്‍ഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പവും ഇന്ത്യ എത്തി. ദക്ഷിണാഫ്രിക്കയും വിന്‍ഡീസിനെതിരേയാണ് റിക്കാര്‍ഡ് കുറിച്ചത്.
122
സ്വദേശത്ത് ടീം ഇന്ത്യയുടെ 122-ാം ടെസ്റ്റ് ക്രിക്കറ്റ് ജയമാണ് ഇന്നലെ ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏഴ് വിക്കറ്റിന്റേത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹോം ടെസ്റ്റ് ജയത്തില്‍ ദക്ഷിണാഫ്രിക്കയെ (121) പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഓസ്ട്രേലിയ (262), ഇംഗ്ലണ്ട് (241) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ മാത്രമാണ് സ്വദേശത്ത് 100ല്‍ അധികം ടെസ്റ്റ് ജയം കുറിച്ചതെന്നതും ശ്രദ്ധേയം.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 518/5 ഡിക്ലയേര്‍ഡ്.
വെസ്റ്റ് ഇന്‍ഡീസ്: 248, 390.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: യശസ്വി ജയ്സ്വാള്‍ സി ഫിലിപ്പ് ബി വാരിക്കാന്‍ 8, കെ.എല്‍. രാഹുല്‍ നോട്ടൗട്ട് 58, സായ് സുദര്ശന് സി ഹോപ്പ് ബി റോസ്റ്റണ്‍ ചേസ് 39, ശുഭ്മാന്‍ ഗില്‍ സി ഗ്രീവ്സ് ബി ചേസ് 13, ധ്രുവ് ജുറെല്‍ നോട്ടൗട്ട് 6, എക്സ്ട്രാസ് 0, ആകെ 35.2 ഓവറില്‍ 124/3.
വിക്കറ്റ് വീഴ്ച: 1-9, 2-88, 3-108.
ബൗളിംഗ്: ജെയ്ഡന്‍ സീല്‍സ് 3-0-14-0, ജോമെല്‍ വാരിക്കാന്‍ 15.2-4-39-1, ഖാരെ പിയെര്‍ 8-0-35-0, റോസ്റ്റണ്‍ ചേസ് 9-2-36-2.