ടോപ് സിറാജ്
Monday, October 13, 2025 11:42 PM IST
ന്യൂഡല്‍ഹി: 2025 കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്നവരില്‍ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത്.
വെസ്റ്റ് ഇന്‍ഡീസിന് എതിരേ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഷായ് ഹോപ്പിനെ ബൗള്‍ഡാക്കിയതോടെയാണ് സിറാജ് ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് എത്തിയത്. 2025 കലണ്ടര്‍ വര്‍ഷത്തില്‍ എട്ട് ടെസ്റ്റിലെ 15 ഇന്നിംഗ്സില്‍നിന്ന് 37 വിക്കറ്റ് സിറാജ് സ്വന്തമാക്കി.
ഒമ്പത് ടെസ്റ്റിലെ 13 ഇന്നിംഗ്സില്‍ 36 വിക്കറ്റ് വീഴ്ത്തിയ സിംബാബ്വെയുടെ ബ്ലസിംഗ് മുസാറബ്തോയ്ക്ക് ഒപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു സിറാജ്. 1575 പന്തുകള്‍ ഈ വര്‍ഷം ഇതുവരെ സിറാജ് എറിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു സിറാജ് കാഴ്ചവച്ചത്.
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്, 14 ഇന്നിംഗ്സില്‍നിന്ന് 29 വിക്കറ്റ്. വെസ്റ്റ് ഇന്‍ഡീസിന്റെ ജോമല്‍ വാരിക്കാന്‍, ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ എന്നിവര്‍ 24 വിക്കറ്റുമായി നാലും അഞ്ചും സ്ഥാനത്തുണ്ട്. 10 ഇന്നിംഗ്സില്‍നിന്ന് 23 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ആറാം സ്ഥാനത്ത്.
2025ല്‍ ബാക്കി
ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്കു രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ശേഷിക്കുന്നത്. നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടു മത്സര ഹോം പരമ്പരയാണത്. കോല്‍ക്കത്തയിലും ഗോഹട്ടിയിലുമാണ് മത്സരങ്ങള്‍.
അതേസമയം, ഓസ്ട്രേലിയയ്ക്ക് ഈ വര്‍ഷം ഇംഗ്ലണ്ടിന് എതിരായ ആഷസ് ടെസ്റ്റ് പരമ്പരയുണ്ട്. അഞ്ച് മത്സര ആഷസിലെ നാലു മത്സരങ്ങളും ഈ വര്‍ഷം നടക്കും. മിച്ചല്‍ സ്റ്റാര്‍ക്കിനും നഥാന്‍ ലിയോണിനും സിറാജിനേക്കാള്‍ കൂടുതല്‍ മത്സരങ്ങളുണ്ടെന്നു ചുരുക്കം.