രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ജയിക്കാന്‍ 58 റണ്‍സ് കൂടി
Monday, October 13, 2025 11:42 PM IST
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് അഞ്ചാംദിനംവരെ നീട്ടാതിരിക്കാനായിരുന്നു രണ്ടാംദിനം പകുതിവച്ച് ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.
എന്നാല്‍, തുടര്‍ച്ചയായി 200.4 ഓവര്‍ എറിഞ്ഞതിനുശേഷം മാത്രമായിരുന്നു ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ട് ഇന്നിംഗ്സും അവസാനിപ്പിക്കാന്‍ സാധിച്ചത്; ആദ്യ ഇന്നിംഗ്സില്‍ 81.5 ഓവറില്‍ 248നും രണ്ടാം ഇന്നിംഗ്സില്‍ 118.5 ഓവറില്‍ 390നും. ഫോളോ ഓണ്‍ വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 121 റണ്‍സ് എന്ന വിജയലക്ഷ്യം കുറിച്ചു.
നാലാംദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 എന്ന നിലയിലാണ്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അഞ്ചാംദിനമായ ഇന്ന് 58 റണ്‍സ്കൂടി നേടി ഇന്ത്യ രണ്ടു മത്സര പരമ്പര 2-0നു തൂത്തുവാരും. അതോടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈയിലേക്ക് കന്നി ട്രോഫി എത്തും...
പ്രതീക്ഷ തെറ്റിച്ച ഹോപ്പ്
വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 81.5 ഓവറില്‍ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ പ്രതീക്ഷിച്ചത്, രണ്ടാം ഇന്നിംഗ്സിലും അതാവര്‍ത്തിച്ച് അഹമ്മദാബാദിലേതുപോലെ ഇന്നിംഗ്സ് ജയം സ്വന്തമാക്കാമെന്നായിരുന്നു. എന്നാല്‍, രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന്റെ പ്രതീക്ഷയായി ജോണ്‍ കാംബലും ഷായ് ഹോപ്പും സെഞ്ചുറിയുമായി പ്രതിരോധം തീര്‍ത്തു.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 177 റണ്‍സാണ് നേടിയത്. 199 പന്തില്‍ 115 റണ്‍സ് നേടിയ കാംബലിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. 214 പന്തില്‍ 103 റണ്‍സ് നേടിയ ഹോപ്പിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. ഹോപ്പ് പുറത്തായപ്പോള്‍ വിന്‍ഡീസ് ഒരു റണ്‍ ലീഡ് നേടിയിരുന്നു.
മാത്രമല്ല, ജസ്റ്റിന് ഗ്രീവ്സിന്റെ അര്‍ധസെഞ്ചുറിയും (50 നോട്ടൗട്ട്) റോസ്റ്റണ്‍ ചേസിന്റെ (40) പ്രതിരോധവും ചേര്‍ന്നതോടെ വിന്‍ഡീസ് 120 റണ്‍സിന്റെ ലീഡ് നേടി. ഹോപ്പും ചേസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടാണുണ്ടാക്കിയത്.
ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ടും ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
രാഹുല്‍-സുദര്ശന്
121 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസില്‍ എത്തിയ ഇന്ത്യ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സുമായാണ് നാലാംദിനം അവസാനിപ്പിച്ചത്. 54 പന്തില്‍ 25 റണ്‍സുമായി കെ.എല്‍. രാഹുലും 47 പന്തില്‍ 30 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സില്‍ 175 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റെ (8) വിക്കറ്റാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 518/5 ഡിക്ലയേര്‍ഡ്.
വെസ്റ്റ് ഇന്‍ഡീസ് 248, 390.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: യശസ്വി ജയ്സ്വാള്‍ സി ഫിലിപ്പ് ബി വാരിക്കാന്‍ 8, കെ.എല്‍. രാഹുല്‍ നോട്ടൗട്ട് 25, സായ് സുദര്ശന് നോട്ടൗട്ട് 30, എക്സ്ട്രാസ് 0, ആകെ 18 ഓവറില്‍ 63/1.
വിക്കറ്റ് വീഴ്ച: 1-9.
ബൗളിംഗ്: ജെയ്ഡന്‍ സീല്‍സ് 3-0-14-0, ജോമെല്‍ വാരിക്കാന്‍ 7-1-15-1, ഖാരി പിയെര്‍ 6-0-24-0, റോസ്റ്റണ്‍ ചേസ് 2-0-10-0.