ലോകകപ്പ് യോഗ്യതയിൽ നെതർലൻഡ്സ്, ക്രൊയേഷ്യ, ഡെന്മാർക്ക്, പോളണ്ട് ജയിച്ചു
Monday, October 13, 2025 11:42 PM IST
ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ മിന്നും പ്രകടനം തുടര്‍ന്ന് നെതര്‍ലന്‍ഡ്സ്. ഗ്രൂപ്പ് ജിയില്‍ നടന്ന ഹോം മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് 4-0ന് ഫിന്‍ലന്‍ഡിനെ കീഴടക്കി.
ഡോണെല്‍ മലെന് (8’), വിര്‍ജില്‍ വാന്‍ഡിക് (17’), മെംഫിസ് ഡീപ്പെ (38’ പെനാല്‍റ്റി), കോഡി ഗാക്പോ (84’) എന്നിവരായിരുന്നു ഓറഞ്ച് സംഘത്തിനായി ഗോള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് 2-0ന് ലിത്വാനിയയെ കീഴടക്കി.
റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു പോളണ്ടിന്റെ രണ്ടാം ഗോള്‍. ഗ്രൂപ്പില്‍ 16 പോയിന്റുമായി നെതര്‍ലന്‍ഡ്സും 13 പോയിന്റുമായി പോളണ്ടും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.
അട്ടിമറിച്ച് ഫറോ
ഗ്രൂപ്പ് എല്ലില്‍ ഫറോ ഐലന്‍ഡ്സ് 2-1ന് ചെക്കിനെ അട്ടിമറിച്ചു. ഇതോടെ ലോകകപ്പ് പ്ലേ ഓഫ് സാധ്യത ഫറോ സജീവമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ 3-0ന് ജിബ്രാള്‍ട്ടറിനെ കീഴടക്കി.
ഗ്രൂപ്പ് സിയില്‍ ഡെന്മാര്ക്ക് 3-1ന് ഗ്രീസിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തു തുടരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്കോട്ലന്ഡ് 2-1ന് ബെലാറൂസിനെ തോല്‍പ്പിച്ചു.